ഹഗിയ സോഫിയ മ്യൂസിയം പള്ളി ആക്കി മാറ്റാനുള്ള തീരുമാനം വരുന്നതിന് തൊട്ട് മുമ്പ് ‘മെട്രോ പോള്‍’ തുര്‍ക്കിയില്‍ നടത്തിയ അഭിപ്രായ സര്‍വേ വ്യാപകമായി ഉദ്ധരിക്കപ്പെട്ടിരുന്നു. ഇതില്‍ 44 % പേരും അഭിപ്രായപ്പെട്ടത് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള നീക്കമാണെന്നായിരുന്നു. 12% പേര്‍ ഇത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായും വിലയിരുത്തി. വെറും 29. 5 % പേര്‍ മാത്രമാണ് പള്ളി തിരിച്ച് പിടിക്കാനുള്ള മതപരമായ നീക്കമായി ഇതിനെ കണ്ടത്. അതായത് എര്‍ദോഗാന്റെ സ്വന്തം പാര്‍ട്ടി അനുഭാവികള്‍ പോലും ഇതിന് പിന്നിലെ രാഷ്ട്രീയ തന്ത്രം തിരിച്ചറിഞ്ഞുവെന്ന് ചുരുക്കം.
സ്വന്തം അണികള്‍ക്ക് പോലും വലിയ ആവേശമില്ലെങ്കില്‍ പിന്നെ എന്താവും എര്‍ദോഗാന്റെ നീക്കത്തിന് പിന്നിലെ ലക്ഷ്യം? എര്‍ദോഗാന്‍ തന്നെ പലപ്പോഴായി ഇതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നത് ഹഗിയ സോഫിയ പളളിയാക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ സൂക്ഷിച്ച് നീങ്ങേണ്ടതുണ്ട് എന്നായിരുന്നു. ഒരു പക്ഷേ ഇതായിരിക്കും എര്‍ദോഗാന്റെ ലക്ഷ്യവും. വലിയ തോതില്‍ അരക്ഷിത ബോധം നേരിടുന്ന മുസ്ലിം ലോകത്തെ ‘സുല്‍ത്താന്‍’ ആയി മാറല്‍.
എര്‍ദോഗാന്‍
‘മുസ്ലിം ലോകത്തിന്റെ’ നേതൃസ്ഥാനത്ത് നിന്ന് സൗദി പടിയിറങ്ങുകയാണ്. അല്‍ സഊദിന്റെ സൈദ്ധാന്തിക പിടി വളളിയായിരുന്ന വഹാബിസം എടുക്കാച്ചരക്കായി മാറി. മുഹമ്മദ് ബിന്‍ സല്‍മാനാണെങ്കില്‍ പരമ്പരാഗത അധികാര സമവാക്യം പൊളിച്ചെറിഞ്ഞു. വഹാബിസം മാത്രമല്ല, അല്‍ സഊദ് രാജ കുടുംബം തന്നെ ഇന്ന് അപ്രസക്തമാണ്. പ്രമുഖര്‍ പലരും ജയിലിലോ പൂര്‍ണമായും ഒതുക്കപ്പെട്ട അവസ്ഥയിലോ ആണ്. തന്റെ സമഗ്രാധിപത്യം വിശ്വസ്തരായ ചില കൂട്ടാളികളോടൊപ്പം ചേര്‍ന്ന് നടപ്പാക്കുന്നു.
ഇതിനിടയില്‍ മതമോ മറ്റേതെങ്കിലും അധികാര കേന്ദ്രങ്ങളോ അതിനിടയില്‍ കടന്നു വരുന്നത് താല്‍പര്യമില്ല. സാമ്പത്തികമായി വന്‍ വെല്ലുവിളികള്‍ നേരിടുന്നു. ഭീകരമായ ധൂര്‍ത്തും യുദ്ധങ്ങളും മണ്ടന്‍ തീരുമാനങ്ങളും വന്‍ സാമ്പത്തിക ബാധ്യത വരുത്തി വെച്ചിട്ടുണ്ട്. സൗദിയുടെ വിദേശ കടം കഴിഞ്ഞ 5 വര്‍ഷത്തിനിടക്ക് 15 ഇരട്ടി കൂടിയപ്പോള്‍ ഇതേ കാലയളവില്‍ കരുതല്‍ നാണ്യ ശേഖരത്തില്‍ മൂന്നിലൊരു ഭാഗം കുറഞ്ഞു.
ഈ സാഹചര്യത്തില്‍ മക്ക, മദീന സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം ‘ആഗോള മുസ്ലിം നേതൃ’ സ്ഥാനത്ത് തുടരാനാവില്ല. മരുഭൂമിയില്‍ ലാസ് വേഗാസും വീഡിയോ ഗെയിമില്‍ കാണുന്ന പറക്കും കാറുകളും നിറയെ പബുകളും ഉള്ള ‘ന്യൂ ജെന്‍’ സൌദി സ്വപ്നം കാണുന്ന മുഹമ്മദ് ബിന്‍ സല്‍മാന് അതില്‍ വലിയ താല്‍പര്യവുമില്ല. നയതന്ത്ര രംഗത്താണെങ്കില്‍ യു.എ.ഇ യുമായി ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ ഒന്നൊഴിയാതെ പൊട്ടി പാളീസായി. യമന്‍, ഖത്തര്‍, ലബനാന്‍, സിറിയ പാലസ്തീന്‍ കരാര്‍ എന്നിവ ചിലത് മാത്രം. അവസാനമായി ലിബിയയില്‍ വിമത സേനാ നായകന്‍ ഹഫ്താറിനെ വെച്ച് നടത്തിയ നീക്കങ്ങളും വന്‍ തിരിച്ചടി നേരിടുകയാണ്.
മുഹമ്മദ് ബിന്‍ സല്‍മാന്‍
ഈ തിരിച്ചടി നേരിട്ട മിക്ക ഇടങ്ങളിലും തുര്‍ക്കിയും ഉണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. സിറിയയില്‍ ആദ്യ ഘട്ടങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് ലക്ഷ്യങ്ങള്‍ വെട്ടിച്ചുരുക്കി അവസാന ഘട്ടങ്ങളില്‍ നടത്തിയ നീക്കങ്ങളില്‍ വലിയ പരിക്കേല്‍ക്കാതെ നില്‍ക്കാന്‍ തുര്‍ക്കിക്ക് സാധിക്കുന്നു. തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന കുര്‍ദ് മേഖലകളിലും തന്ത്രപ്രധാനമായ ഇദ്‌ലിബ് പ്രവിശ്യയിലും തുര്‍ക്കി താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. ഖത്തറിലും ലിബിയയിലും തുര്‍ക്കിയുടെ നിര്‍ണായക ഇടപെടലുകളാണ് സൗദി- യു.എ.ഇ സ്വപ്നങ്ങള്‍ തകര്‍ത്തത്.
എര്‍ദോഗാനെ സംബന്ധിച്ചിടത്തോളം ഇതൊരു ‘സുവര്‍ണാവസരം’ നല്‍കുന്നുണ്ട്. ആഗോള മുസ്ലിം ലോകത്തിന്റെ ‘നേതൃത്വം’ ആണ് ലക്ഷ്യം. പഴയ ഒട്ടോമന്‍ പാരമ്പര്യവും പുതിയ ഇടപെടലുകളും ഇതിന് സഹായകരമാണ്. ജുഡീഷ്യറി, സൈന്യം, ബ്യൂറോക്രസി, മാധ്യമരംഗം, എല്ലാം വര്‍ഷങ്ങള്‍ നീണ്ട ശുദ്ധികലശങ്ങള്‍ വഴി മെരുക്കിയെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷം നിഷ്‌ക്രിയത്വത്തിന്റെയും കഴിവ് കേടിന്റെയും പര്യായമായത് കൊണ്ട് ആ വഴിക്ക് വലിയ ഭീഷണിയൊന്നുമില്ല. അവരായിട്ട് ജനങ്ങളുടെ അസംതൃപ്തി വോട്ടാക്കാനൊന്നും പോവുന്നില്ല.
ഇവിടുത്തെ കോണ്‍ഗ്രസിന്റെ മറ്റൊരു രൂപമാണ് റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (CHP) എന്ന പ്രധാന പ്രതിപക്ഷം. സ്വന്തം പാര്‍ട്ടിയില്‍ ഭീഷണിയാവുമെന്ന് തോന്നിയവരെ ഒന്നൊന്നായി വെട്ടി. അബ്ദുല്ലാ ഗുല്ലിനെ പോലുള്ള പ്രമുഖര്‍ ഇങ്ങനെ ഒതുക്കപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍ തീവ്രദേശീയതയും മുസ്ലിം കാര്‍ഡും ചേര്‍ത്തുള്ള പ്രത്യേക മിശ്രിതമാണ് കയ്യിലുള്ളത്. അര്‍ദ്ധ ഫാഷിസ്റ്റ് സംഘടനയായ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി (MHP)യുമായാണ് കൂട്ട്. തീവ്ര ദേശീയത ചര്‍ച്ചയാക്കിയാല്‍ കുര്‍ദ് പാര്‍ട്ടികളെ ഒതുക്കാമെന്ന മെച്ചം കൂടിയുണ്ട്. മ്യൂസിയം പളളിയാക്കിയപ്പോഴും പള്ളി മ്യൂസിയമാക്കി മാറ്റിയിരുന്ന തീവ്ര ദേശീയ വാദി അതാ തുര്‍ക്കിനെ വല്ലാതെ പോസ്റ്റ് മോര്‍ട്ടം ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
അബ്ദുല്ലാ ഗുല്‍
ആഗോള ഇസ്ലാമിസ്റ്റുകള്‍ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നത്. മത പ്രമാണങ്ങളുടെ കാലികമായ പുനര്‍ വായനയിലൂടെ ജനാധിപത്യ, മതേതര മൂല്യങ്ങളെ വലിയ തോതില്‍ സ്വാംശീകരിച്ച അന്നഹ്ദ (ടുണീഷ്യയിലെ മുസ്ലിം വിമോചന പ്രസ്ഥാനം) ഒരു വശത്തുണ്ട്. അതിന് ഗനൂഷിയെ പോലുള്ള ബൗദ്ധിക ശേഷിയും ആര്‍ജവവും ഉള്ള നേതൃത്വം വേണം. സ്വയം മാറുക മാത്രമല്ല, ലക്ഷക്കണക്കിന് വരുന്ന പാര്‍ട്ടി അണികളെ മാറ്റാന്‍ സാധിക്കുകയും വേണം. എളുപ്പമല്ല കാര്യങ്ങള്‍. അതിന് സാധിക്കാത്തവര്‍ പയറ്റുന്നതാണ് എര്‍ദോഗാന്റെ രീതി. കണ്ണഞ്ചിപ്പിക്കുന്ന സീരിയലുകളും സൈനിക ഇടപെടലും സമഗ്രാധിപത്യ സ്വഭാവമുള്ള ഭരണകൂടവുമാണ് അതിന്റെ മുഖമുദ്ര.
ഹഗിയ സോഫിയ ഇപ്പറഞ്ഞ എര്‍ദോഗാന്‍ അച്ചിലുള്ള ഇസ്ലാമിസ്റ്റ് രീതിയില്‍ നിര്‍ണായകമാണ്. സകല ഭരണ സംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും വിലക്കെടുത്ത് ഒരു ആരാധനാലയം തകര്‍ത്ത രാജ്യത്ത് നിന്ന് പോലും ഇതര മതസ്ഥരുടെ ആരാധനാലയം പളളിയാക്കി മാറ്റിയതിന് ജയ് വിളിക്കുന്ന അണികള്‍ നല്‍കുന്ന സൂചന അപകടകരമാണ്. അടിസ്ഥാനപരമായി കൃസ്ത്യന്‍ ദേവാലയമായി തുടങ്ങിയ ഒന്നിനെ യുദ്ധം എന്ന ഏറെ ഗുരുതരവും അസാധാരണവുമായ സാഹചര്യം കൊണ്ട് മാത്രം കൈക്കലാക്കി പളളിയാക്കി മാറ്റിയതിനെ ‘വഖഫ് ‘ എന്ന ഏറ്റവും പരിപാവനമായ പേരിട്ട് വിളിക്കുന്നത് ഇസ്ലാമിന്റെ ഏറ്റവും വികലമായ വായനയാണ്. ആ വായനയെ അഡ്രസ് ചെയ്യാത്തിടത്തോളം കാലം ഇസ്ലാമിസ്റ്റ് രാഷ്ട്രീയം അപകടകരമായി തുടരും.
ഹഗിയ സോഫിയ
അധാര്‍മിക മാര്‍ഗങ്ങളിലൂടെയുള്ള ധന സമ്പാദനത്തെ നിശിതമായി വിമര്‍ശിക്കുന്ന ഖുര്‍ആന്‍ സാമ്പത്തിക അസമത്വത്തെ നിരുല്‍സാഹപ്പെടുത്തുകയും ചെയ്യുന്നു. നിര്‍ബന്ധിത ‘നികുതി’ ആയ സകാത്തിനെ കൂടാതെ വലിയ തോതില്‍ പ്രോത്സാഹിക്കപ്പെട്ട ദാന ധര്‍മങ്ങളുടെ വ്യവസ്ഥാപിത രൂപമായിരുന്നു ‘വഖഫ്’. പൊതു നന്മക്കായി ഇങ്ങനെ വിശ്വാസികള്‍ ചിലവഴിച്ച പണമാണ് ഇസ്ലാമിക ക്ഷേമ രാജ്യങ്ങളുടെ ആണിക്കല്ലായി മാറിയ വഖഫ്/ഔഖാഫ് സംവിധാനങ്ങള്‍.
ആധുനിക ക്ഷേമരാഷ്ട്രങ്ങള്‍ നടത്തി വരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പോലുള്ള പലതും ഇസ്ലാമിക സമൂഹങ്ങളില്‍ ചെയ്ത് പോന്നത് ഇപ്പറഞ്ഞ ഔഖാഫ് വിഭാഗമായിരുന്നുവെന്നതാണ് സത്യം. 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒരു കണക്കനുസരിച്ച് ഒട്ടോമന്‍ തുര്‍ക്കിയിലെ മൂന്നില്‍ ഒരു ഭാഗം കൃഷി ഭൂമിയും ഔഖാഫ് വകയായിരുന്നു. ഇതേ സമയത്ത് തന്നെ ഈജിപ്റ്റില്‍ നാലില്‍ ഒരു ഭാഗം ഔഖാഫ് ഭൂമി ആയിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇങ്ങനെ നടത്തിയ ക്ഷേമ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ശാസ്ത്ര, സങ്കേതിക, സാമൂഹിക മേഖലകളില്‍ നിര്‍ണായകമായ സംഭാവനകളര്‍പ്പിക്കാന്‍ മുസ്ലിം ലോകത്തിന് കഴിഞ്ഞതും. ഇങ്ങനെ വഖഫ് ചെയ്യാന്‍ യോഗ്യമായത് എന്തെല്ലാമാണ് എന്നതിനെ പറ്റി പോലും തലനാരിഴ കീറി പരിശോധിക്കുന്ന മത ഗ്രന്ഥങ്ങള്‍ കാണാം. വഖഫിന് പിന്നിലുള്ള ലക്ഷ്യങ്ങള്‍ അത്ര മഹത്തരമായതിനാലാണ് ഈ സൂക്ഷ്മതയും കാര്‍ക്കശ്യവും. ഏതെങ്കിലും ജനവിഭാഗം നിസ്സഹായരായ അവസ്ഥയില്‍ നിന്ന് അവരില്‍ നിന്ന് ഈടാക്കുന്നത് വഖഫിന്റെ അന്തസ്സത്തയോട് നീതി പുലര്‍ത്തുന്നതല്ല, അതിന് പിന്നില്‍ എത്ര തന്നെ സാമ്പത്തിക ക്രയ വിക്രയം നടന്നെന്ന് അവകാശപ്പെട്ടാലും.
ജിഹാദിന്റെ വലിയ തോതിലുള്ള ഹിംസാത്മക വ്യാഖ്യാനമായിരുന്നു വഹാബിസത്തിന്റെ പ്രധാന സവിശേഷത. വഹാബിസം പിന്നോട്ടടിക്കുന്ന ഘട്ടത്തില്‍ ആ സ്ഥലത്തിരിക്കാന്‍ നോക്കുന്ന എര്‍ദോഗാന്റെ ഇസ്ലാമിസ്റ്റ് രീതി മറ്റൊരു രീതിയില്‍ അപകടകരമാവുമെന്നതിന്റെ സൂചന മാത്രമാണ് എര്‍ദോഗന്‍ എന്ന ഏകാധിപതിയുടെ ഭരണ നടപടികള്‍ ഒന്നൊന്നായി സൂചിപ്പിക്കുന്നത്. ഈ ‘വഖഫ് ‘ വാദങ്ങള്‍ അതിലൊന്ന് മാത്രം.
എല്ലാവിധ എതിര്‍ ശബ്ദങ്ങളേയും അടിച്ചൊതുക്കി മുന്നോട്ട് പോവുന്ന എര്‍ദോഗാനില്‍ തെളിഞ്ഞ് വരുന്നത് ലക്ഷണമൊത്ത ഒരു ഏകാധിപതിയാണ്. അതിന് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വേറെ ആശയങ്ങളെ കൂട്ട് പിടിച്ച് അധികാര ധ്വംസനവും മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നവരുമായുള്ള അല്‍ഭുതകരമായ സാമ്യം സ്വാഭാവികം. അതേ ധ്വംസനങ്ങളുടെ ഇരകളില്‍ പെട്ടവര്‍ പോലും എര്‍ദോഗാന് ജയ് വിളിക്കുന്നുവെന്നതാണ് ഇതിലെ ക്രൂരമായ തമാശ. ഇന്ത്യയില്‍ നിന്നടക്കം എര്‍ദോഗാന്റെ നടപടികള്‍ക്ക് കിട്ടുന്ന പിന്തുണ, അതെത്ര ന്യൂനപക്ഷമാണെങ്കിലും, ഭീതിപ്പെടുത്തുന്നു. കാരണം കൃത്യമായ നീതി ബോധവും രാഷ്ട്രീയ ധാരണയുമില്ലാത്ത ഇരകള്‍ ഫലത്തില്‍ ശക്തിപ്പെടുത്തുന്നത് അവരുടെ കൂടി വേട്ടക്കാരെയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ