അങ്കാര: ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിനെതിരെ രൂക്ഷവിമര്‍ശനവുമായി തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍. രാജ്യത്തെ മുസ്‌ലിം വിഭാഗത്തിനിടയില്‍ കൊണ്ടു വരുന്ന പുതിയ നയങ്ങളെ ചൂണ്ടിക്കാട്ടിയാണ് എര്‍ദൊഗാന്റെ വിമര്‍ശനം. ഇസ്‌ലാം ആഗോള തലത്തല്‍ പ്രതിസന്ധി നേരിടുകയാണെന്ന മക്രോണിന്റെ പരാമര്‍ശം തുറന്ന വെല്ലുവിളിയാണെന്നാണ് എര്‍ദൊഗാന്‍ ആരോപിച്ചത്.
നിങ്ങളാരാണ് ഇസ്‌ലാമിന്റെ ഘടനയെ പറ്റി സംസാരിക്കാന്‍? എര്‍ദൊഗാന്‍ ടെലിവൈസ് പ്രസംഗത്തില്‍ ചോദിച്ചു. ഒപ്പം ഒരു കൊളോണിയല്‍ ഗവര്‍ണറെ പോലെയല്ലാതെ ഉത്തരവാദിത്തപ്പെട്ട പ്രസിഡന്റായിയിരിക്കും മക്രോണ്‍ എന്ന് പ്രതീക്ഷിക്കുന്നതായും എര്‍ദൊഗാന്‍ പറഞ്ഞു.
ഫ്രാന്‍സിലെ മുസ്‌ലിം ഗ്രൂപ്പുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതികളാണ് മക്രോണ്‍ പ്രഖ്യാപിച്ചത്. മസ്ജിദുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടിംഗ് വിലക്കുന്ന ശക്തമായ നിയമങ്ങളാണ് പുതുതായി കൊണ്ടു വന്നിരിക്കുന്നത്.
ഫ്രാന്‍സിന്റെ മതേതരമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതികള്‍ എന്നാണ് മക്രോണിന്റെ വാദം. പുതിയ പദ്ധതി പ്രകാരം ഫ്രാന്‍സിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും മതത്തെ പൂര്‍ണമായും ഒഴിവാക്കുന്നുണ്ട്.