ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് രാഷ്ട്രീയ വിലക്കുണ്ടായിരുന്നെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് എര്‍ദോഗന്‍.
റൊണാള്‍ഡോയെ പോലൊരു സൂപ്പര്‍താരത്തെ വെറും മുപ്പത് മിനിട്ട് മാത്രം കളത്തിലിറക്കിയത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ തകര്‍ക്കുകയായിരുന്നെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.
‘അവര്‍ ക്രിസ്റ്റിയാനോയുടെ സമയവും അവസരവും പാഴാക്കി കളയുകയായിരുന്നു. താരത്തിന്റെ ഊര്‍ജവും ഇല്ലാതാക്കി. ഫലസ്തീന് പ്രശ്‌നങ്ങള്‍ക്ക് നിലകൊണ്ടയാളാണ് ക്രിസ്റ്റ്യാനോ. ദൗര്‍ഭാഗ്യകരമെന്നോണം അദ്ദേഹത്തിന് മേല്‍ രാഷ്ട്രീയ വിലക്കേര്‍പ്പെടുത്തുകയായിരുന്നു,’ എര്‍ദോഗന്‍ വ്യക്തമാക്കി.
ലോകകപ്പില്‍ രണ്ട് മത്സരങ്ങളില്‍ താരത്തെ ബെഞ്ചിലിരുത്തുകയും ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം പാദത്തില്‍ മാത്രം കളത്തിലിറക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു.
അതേസമയം സൗദി അറേബ്യന്‍ ഫുട്ബോള്‍ ക്ലബ്ബായ അല്‍ നാസറുമായി റൊണാള്‍ഡോ കരാറിലേര്‍പ്പെടാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജനുവരി ആദ്യം താരം കരാറില്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. 2025 ജൂണ്‍ വരെ ക്രിസ്റ്റ്യാനോ ക്ലബില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ ക്ലബുകളുടെയോ അല്ലെങ്കില്‍ അല്‍ നാസറിന്റെ തന്നെ ഓഫറോ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് ക്ലബ് നല്‍കിയിരിക്കുന്നത്. ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പോര്‍ച്ചുഗീസ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്.
ലോകകപ്പിന് പിന്നാലെ അല്‍ നാസറുമായി ഒപ്പിടുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
അതോടൊപ്പം റൊണാള്‍ഡോ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി തള്ളിക്കളയുകയായിരുന്നു.
പി.എസ്.ജിയില്‍ നെയ്മറും എംബാപ്പെയും മെസിയുമുള്ളപ്പോള്‍ ക്രിസ്റ്റ്യാനോയെ സൈന്‍ ചെയ്യിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും റൊണാള്‍ഡോ മികച്ച കളിക്കാരനാണെന്നും ഖലൈഫി കൂട്ടിച്ചേര്‍ത്തു.
Content Highlights: Erdogan about Cristiano Ronaldo