കോഴിക്കോട്: കേരളത്തിലെ മുതിര്ന്ന മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ എരഞ്ഞോളി മൂസ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 79 വയസായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളി സ്വദേശിയാണ്. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നാണ് അറിയപ്പെടുന്നത് .
അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. നാട്ടിലും വിദേശത്തുമായി ആയിരത്തിലധികെ വേദിയില്‍ പാടിയിട്ടുണ്ട്.
കല്യാണവീടുകളില്‍ പെട്രോമാക്സിന്റെ ഇരുണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗള്‍ഫ്നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്റ്റേജ്ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്. സ്വന്തമായി ഗാനം എഴുതി അവതരിപ്പിക്കുന്ന ശൈലിയായിരുന്നു ഇദ്ദേഹത്തിന്റെത്.