ക്ഷേത്രത്തിന്റെ രൂപമുണ്ടെന്ന് പരാതിപ്പെട്ട് മുസ്‌ലിം പള്ളി പൂട്ടിച്ചു; ഹൈക്കോടതിയെ സമീപിച്ച് ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി
national news
ക്ഷേത്രത്തിന്റെ രൂപമുണ്ടെന്ന് പരാതിപ്പെട്ട് മുസ്‌ലിം പള്ളി പൂട്ടിച്ചു; ഹൈക്കോടതിയെ സമീപിച്ച് ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th July 2023, 11:55 pm

ജല്‍ഗാവ്: മുസ്‌ലിം പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപമുണ്ടെന്ന പരാതിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ പുരാതന മുസ്‌ലിം പള്ളി അടച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിലാണ് ജുമാ മസ്ജിദ് ട്രസ്റ്റ് ഹരജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി ഈ മാസം 18ന് പരിഗണിക്കും.

മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലുള്ള എറാന്‍ഡോളിലെ 800 വര്‍ഷത്തിലേറെ പഴക്കമുള്ള പുരാതന മുസ്‌ലിം പള്ളിയാണ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അടച്ചത്. ഇതിനെതിരെയാണ് ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്റ് അല്‍താഫ് ഖാന്‍ മുഖേന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

 

പള്ളിയുടെ നിര്‍മിതിക്ക് ക്ഷേത്രത്തോട് സാമ്യമുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഈ മാസം 11നാണ് ജില്ലാ കളക്ടര്‍ പള്ളി അടച്ചുപൂട്ടി ആരാധന നിരോധിച്ച് ഉത്തരവിറക്കിയത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144, 145 വകുപ്പുകള്‍ പ്രകാരമായിരുന്നു നടപടി.

പള്ളിയുടെ താക്കോല്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഓഫ് ചീഫ് ഓഫിസര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പള്ളി ട്രസ്റ്റ് നിയമപോരാട്ടം നടത്താനൊരുങ്ങുന്നത്.

പതിറ്റാണ്ടുകളായി വിശ്വാസികള്‍ പള്ളിയില്‍ ആരാധന നടത്തിവരികയാണെന്നും, മഹാരാഷ്ട്രയിലെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ പള്ളിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഹര്‍ജിയിലൂടെ ട്രസ്റ്റ് വാദിക്കുന്നത്.

പള്ളിയെക്കുറിച്ച് പുരാവസ്തു വകുപ്പിനോ സംസ്ഥാന സര്‍ക്കാരിനോ ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ഹരജിക്കാര്‍ വാദിക്കുന്നു.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ‘പാണ്ഡവ് വാഡ സംഘര്‍ഷ് സമിതി’ എന്ന സംഘടനക്ക് വേണ്ടി ആര്‍.എസ്.എസുകാരനായ പ്രസാദ് മധുസൂദന്‍ ദണ്ഡാവതെയാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിന്ദു ആരാധനാലയത്തിന് മുകളിലാണ് മസ്ജിദ് നിര്‍മിച്ചത്, ജുമാ മസ്ജിദ് ട്രസ്റ്റ് അനധികൃതമായി സ്ഥലം കൈയേറി, സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കണം, തുടങ്ങിയ ആവശ്യങ്ങളാണ് പരാതിക്കാരന്‍ ഉന്നയിച്ചിരുന്നത്. പ്രസാദ് മധുസൂദന്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ എന്നിവയിലെ അംഗമാണെന്നും വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Erandol juma masjid trust moves Bombay High Court collector order