| Wednesday, 27th September 2023, 11:45 am

കരുവന്നൂർ കേസിലെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി കോടതി. മാധ്യമങ്ങൾ കോടതിയിൽ കയറേണ്ട എന്ന കലൂരിലെ പി.എം.ഐ.എൽ കോടതി നിർദേശിച്ചു.

കേസിൽ അറസ്റ്റിലായ സി.പി.ഐ.എം കൗൺസിലർ പി.ആർ. അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരൻ ജിൽസന്റെയും കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി നിർദേശം.

കോടതി നടപടികളെ ബാധിക്കുന്നതിനാലാണ് മാധ്യമപ്രവർത്തകർ അകത്തുപ്രവേശിക്കേണ്ട എന്ന തീരുമാനം ജഡ്ജി അറിയിച്ചത്. ഇന്നലെ കോടതി സമയം അവസാനിച്ചതിനാൽ ചേമ്പറിലായിരുന്നു പ്രതികളെ ഹാജരാക്കിയത്. അതിനാൽ മാധ്യമങ്ങൾക്ക് ജൂഡീഷ്യൽ നടപടികൾ റിപ്പോർട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് കോടതി തീരുമാനം അറിയിക്കുകയായിരുന്നു.

അതേസമയം അറസ്റ്റിലായ പി.ആർ. അരവിന്ദാക്ഷനെയും ബാങ്ക് ജീവനക്കാരൻ ജിൽസനെയും ചോദ്യം ചെയ്യുന്നതിന് ഇ.ഡി മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും. കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷൻ. മുമ്പ്, ചോദ്യം ചെയ്യലിനിടയിൽ ഇ.ഡി ഉദ്യോഗസ്ഥർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം നൽകിയ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ഇ.ഡിയുടെ നിലപാട്.

വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ കൈമാറിയത് അരവിന്ദാക്ഷനും ഇടനിലക്കാരനായ കെ.എ. ജിജോറുമായിരുന്നു. ഇവർ നൽകിയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഒന്നാം പ്രതി പി.സതീഷ്കുമാർ, രണ്ടാം പ്രതി പി.പി. കിരൺ എന്നിവർ മുമ്പ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി സതീഷ്കുമാറിന്റെ ഭാര്യയെ ഇ.ഡി ചോദ്യം ചെയ്യുകയാണ്.

CONTENT HIGHLIGHT: Eranakulam Special court banned media from reporting Court proceedings in Karuvannoor bank scam

We use cookies to give you the best possible experience. Learn more