തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ സജീവമായ തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ് സാമന്ത. ഗൗതം വാസുദേവ് മേനോന്റെ തെലുങ്ക് ചിത്രമായ യെ മായ ചെസേവ് (2010) എന്ന ചിത്രത്തിലൂടെയാണ് സാമന്ത സിനിമാരംഗത്തേക്ക് കടന്ന് വന്നത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച നവാഗത നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് സാമന്ത സ്വന്തമാക്കി. വിണ്ണൈതാണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് യെ മായ ചെസേവ്.
നാല് ഫിലിംഫെയര്‍ അവാര്‍ഡുകളും നിരവധി പുരസ്‌കാരങ്ങളും നടിക്ക് ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമാവ്യവസായത്തിലെ ഒരു മുന്‍നിര നടിയായാണ് സാമന്ത അറിയപ്പെടുന്നത്.
ഇപ്പോള്‍ താന്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയില്‍ ലിംഗഭേദമില്ലാതെ തുല്യവേതനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് നടി. അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തുല്യവേതനം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമാ മേഖലയിലെ ചരിത്ര തീരുമാനമാണിത്.
സാമന്തയുടെ ഉടമസ്ഥതയില്‍ 2023ല്‍ ആരംഭിച്ച ട്രലാല മൂവിങ് പിക്ച്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘വുമണ്‍ ഇന്‍ സിനിമ’ എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നന്ദിനി ഇക്കാര്യം അറിയിച്ചത്.
പ്രതിഫലവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് സാമന്ത എടുത്ത തീരുമാനത്തെക്കുറിച്ച് നന്ദിത സംസാരിച്ചത്. നിര്‍മിക്കുന്ന ചിത്രങ്ങളില്‍ തുല്യ വേതനം നല്‍കുന്ന ആദ്യ ഇന്ത്യന്‍ അഭിനേത്രിയാണ് സാമന്ത എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്രലാല മൂവിങ് പിക്ച്ചേഴ്സിന്റെ തുടക്കത്തില്‍ തന്നെ പുതിയ ചിന്തകള്‍ക്കാണ് ഈ നിര്‍മാണ കമ്പനി പ്രാധാന്യം നല്‍കുന്നതെന്ന് നടി അറിയിച്ചിരുന്നു. സാമന്തയുടെ ഈ പുരോഗമന തീരുമാനത്തിന് വലിയ അഭിനന്ദനങ്ങളാണ് നാനാഭാഗത്തുനിന്നും ലഭിക്കുന്നത്.
സ്ത്രീയും പുരുഷനും തുല്യരാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണെന്ന് മാധുരി ദീക്ഷിത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
CONTENT HIGHLIGHTS: equal pay regardless of gender; Samantha made a historic decision with her first production film