ന്യൂദൽഹി: സ്വവർഗ വിവാഹത്തിനുള്ള നിയമപരമായ അനുമതി നിരസിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ജനുവരി ഒമ്പതിന് പരിഗണിക്കും.
ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്‌ന, പി.എസ്. നരസിംഹ, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് ഇതുമായി ബന്ധപ്പെട്ട 13 ഹരജികൾ പരിഗണിക്കും. പുനഃപരിശോധനാ ഹരജികളിൽ വാദം തുറന്ന കോടതിയിൽ കേൾക്കാൻ സുപ്രീം കോടതി അനുമതി നിഷേധിച്ചിരുന്നു.
2024 ജൂലൈ 10 ന് പുനഃപരിശോധനാ ഹരജികൾ കേൾക്കുന്നതിൽ നിന്ന് നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്മാറിയതിനെ തുടർന്നാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്.
മുൻ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്. കെ. കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി എന്നിവർ വിരമിച്ചതിനാൽ വിധി പറഞ്ഞ അഞ്ച് ജഡ്ജിമാർ അടങ്ങുന്ന ബെഞ്ചിലെ അവശേഷിക്കുന്ന ഏക അംഗം ജസ്റ്റിസ് പി. എസ്. നരസിംഹ മാത്രമാണ്. സുപ്രീം കോടതിയുടെ പട്ടിക അനുസരിച്ച്, ജനുവരി ഒമ്പതിന് ഉച്ചയ്ക്ക് 1:55 ന് പുനഃപരിശോധനാ ഹരജികൾ പരിഗണിക്കും.
2024 ഒക്ടോബർ 17ന് അന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ പിന്തുണ നൽകാൻ വിസമ്മതിച്ചിരുന്നു. നിയമപ്രകാരം അംഗീകരിക്കപ്പെട്ട വിവാഹങ്ങൾ ഒഴികെയുള്ള മറ്റ് വിവാഹങ്ങൾ യോഗ്യതയില്ലാത്തതായി വിധിക്കുകയും ചെയ്തു.
സ്വവർഗ വിവാഹത്തിന് നിയമാനുമതി ആവശ്യപ്പെട്ടുള്ള 21 ഹരജികളിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാല് വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചിരുന്നു. .
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നിഷേധിക്കുന്നതിൽ അഞ്ച് ജഡ്ജിമാരും ഏകകണ്ഠമായിരുന്നു. അത്തരമൊരു യൂണിയനെ സാധൂകരിക്കുന്നതിനുള്ള നിയമം മാറ്റുന്നത് പാർലമെൻ്റിൻ്റെ പരിധിക്കുള്ളിലാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
മുൻ സി.ജെ.ഐ ചന്ദ്രചൂഡ് 247 പേജുള്ള പ്രത്യേക വിധി എഴുതിയപ്പോൾ ജസ്റ്റിസ് കൗൾ 17 പേജുള്ള വിധിന്യായം എഴുതി. ഒരു യൂണിയനിലെ അത്തരം ദമ്പതികളുടെ അവകാശങ്ങൾ വ്യക്തമാക്കുന്നതിന് കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുൻ സി.ജെ.ഐ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ തന്റെ വിധിയിൽ രേഖപ്പെടുത്തി.
Content Highlight: Equal marriage rites: Supreme Court to consider review petitions on 9 January