| Friday, 11th May 2018, 2:58 pm

കോഴിക്കോട് മലയോര മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു; ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

ഗോപിക

ഇടവിട്ടുള്ള വേനല്‍മഴ സംസ്ഥാനത്തെത്തിയതോടെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചാവ്യാധികള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം പകര്‍ച്ചവ്യാധികള്‍ വ്യപകമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും മഞ്ഞപ്പിത്തവും ഡിഫ്തീരിയയും ആണ് ജില്ലയില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വേനല്‍മഴ വന്നതാണ് പകര്‍ച്ചാവ്യാധികള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണമായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 85848 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ തന്നെ ഡെങ്കിപ്പനിയും മലമ്പനിയുമാണ് കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം മുമ്പത്തേക്കാള്‍ കൂടിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

പനി ബാധിച്ചവരില്‍ 161 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 23 പേര്‍ക്ക് മലമ്പനി ആണെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടവിട്ടുള്ള മഴയും വെയിലും കാരണം വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. തീവ്രമായ രോഗാതുരതയിലേക്കും ആശുപത്രിവാസത്തിലേക്കും സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും നയിക്കാവുന്ന പകര്‍ച്ചപ്പനിയാണ് ഡെങ്കിപ്പനി.


ALSO READ: മലപ്പുറം കോട്ടക്കലില്‍ ഭൂമി വിണ്ടുമാറുന്നു; ജനങ്ങള്‍ ഭീതിയില്‍; പഠനങ്ങള്‍ പാതി വഴിയില്‍


കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലാണ് കൂടുതലായും പകര്‍ച്ചാവ്യാധികള്‍ പടരുന്നത്. മലയോര പ്രദേശങ്ങളായ ചാത്തമംഗലം, കട്ടിപ്പാറ, പുതുപ്പാടി എന്നിവിടങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം 352 പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം 31 പേര്‍ക്ക് ഡിഫ്തീരിയയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വ്യാപകമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നത്. എന്നാല്‍ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും മഴ മാറിയാല്‍ പനി വീണ്ടും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് ഇപ്പോഴത്തെ കണക്കുകള്‍ കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇതേസമയം ജില്ലയില്‍ പനി ബാധിച്ച് നിരവധി പേര്‍ക്ക് മരണം സംഭവിച്ചിരുന്നു. അന്ന് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് വയറിളക്കവും ഛര്‍ദ്ദിയും പോലുള്ള രോഗങ്ങളായിരുന്നു. ഏകദേശം പതിനാറായിരത്തിലധികം പേരാണ് വയറിളക്കം ബാധിച്ച് ജില്ലയില്‍ ചികിത്സ തേടിയിരിക്കുന്നത്.

ഇതോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളില്‍ നിന്ന് കോളറയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയോര മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പഠനത്തിലാണ് രോഗങ്ങള്‍ വ്യാപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപമാക്കുകയാണെങ്കിലും ഇവ ഏകോപിപ്പിക്കുന്നതിലെ പ്രശ്‌നങ്ങള്‍ രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.


READ MORE: കൊഞ്ചും നാരങ്ങവെള്ളവും ഒരുമിച്ച് കഴിച്ചാല്‍ തല്‍ക്ഷണം മരിക്കുമോ?’; സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങളെ ശാസ്ത്രം പൊളിച്ചെഴുതുന്നു


ഇതിന്റെ ഭാഗമായി ആരോഗ്യവിഭാഗം ഇന്ന് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഈ വര്‍ഷത്തെ പകര്‍ച്ചവ്യാധി നിരോധനത്തിനായി സര്‍ക്കാര്‍ ആരോഗ്യ ജാഗ്രത പദ്ധതിയ്ക്ക് രൂപം നല്‍കിയിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഈ പ്രവര്‍ത്തനങ്ങളില്‍ ഏകോപിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ജില്ലയില്‍ കൂടുതല്‍ രോഗികളെത്തുന്ന ആശുപ്ത്രികള്‍ രോഗങ്ങള്‍ പടരുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. അത് തടയാനായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആശുപത്രികളില്‍ക്കൂടി വ്യാപിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രധാന നിര്‍ദ്ദേശം.

ജനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വീടും സ്ഥാപനങ്ങളും പരമാവധി വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ പരമാവധി കണ്ടെത്തി നശിപ്പിക്കുകയാണ് പ്രധാനമായും രോഗപ്രതിരോധത്തിനായി ചെയ്യേണ്ട ആദ്യ ചുവടെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മലയോര മേഖലകളെ കേന്ദ്രീകരിച്ചാണ് രോഗം പടരുന്നത്. ആയതിനാല്‍ ഈ പ്രദേശങ്ങല്‍ കൂടുതല്‍ മെഡിക്കല്‍ ക്യാംപുകളും ബോധവല്‍ക്കരണ നിര്‍ദ്ദേശങ്ങളും ജനങ്ങളില്‍ എത്തിക്കാനാണ് ശുചീകരണ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ഈ പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അധികൃതര്‍.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more