കോട്ടയം: സംസ്ഥാനത്തെ പ്രളയക്കെടുതിയ്ക്ക് പിന്നാലെ പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നുപിടിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ എലിപ്പനി ബാധയെത്തുടര്‍ന്ന് ഒരാള്‍ കൂടി ഇന്ന് മരിച്ചു.
അയിരൂര്‍ റാന്നി സ്വദേശി രഞ്ജുവാണ് മരിച്ചത്. പനി കൂടിയതിനെത്തുടര്‍ന്ന് യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഞായറാഴ്ച അഞ്ചു പേര്‍ കൂടി മരിച്ചു. ഇതോടെ മൂന്നു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 26 ആയി. കോഴിക്കോട് മൂന്നു പേരും എറണാകുളം മലപ്പുറം ജില്ലകളില്‍ ഓരോ ആളുവീതമാണ് മരിച്ചത്.
മുക്കം കാരമൂല ചെലപ്പുറത്ത് സലീം ഷാ, വേങ്ങേരി നെച്ചുകുഴിയില്‍ സുമേഷ്, വടകര കുട്ടോത്ത് സ്വദേശി ഉജേഷ് എന്നിവരാണു കോഴിക്കോട് മരിച്ചത്. മലപ്പുറം ചമ്രവട്ടം ചെറുകുളത്ത് ശ്രീദേവിയാണ് മലപ്പുറത്ത് മരിച്ചത്. എറണാകുളത്ത് പെരുമ്പാവൂര്‍ അയ്മുറി ചാമക്കാല ഷാജിയുടെ ഭാര്യ കുമാരിയാണ് (51) മരിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരോടൊപ്പം കൂവപ്പടി, നെടുമ്പാശേരി മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കുമാരി.
അതേസമയം, പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 13 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച മാത്രം ഒന്‍പതു പേരാണ് എലിപ്പനി മൂലം മരിച്ചത്. വിവിധ ജില്ലകളില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്
അതിനിടെ, എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ചികില്‍സ പ്രോട്ടോക്കോള്‍ പുറത്തിറക്കി. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ 200 എം.ജി കഴിക്കണമെന്ന് പ്രോട്ടോക്കോളിലുണ്ട്.