ക്ഷേത്രത്തിലെ അന്നദാനത്തിന് മലിനജലം ഉപയോഗിച്ചതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി റിപ്പോര്‍ട്ട്. പായിമ്പ്രയ്ക്കടുത്ത് കുളങ്ങേരടത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തിനാണ് പൊട്ടക്കിണറ്റിലെ വെള്ളം ഉപയോഗിച്ചത്. അന്നദാനം കഴിച്ചവര്‍ക്ക് വ്യാപകമായി ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടു.
ഉത്സവത്തിന്റെ സമയത്ത് രാത്രിയും ഉച്ചയ്ക്കും ക്ഷേത്രത്തില്‍ നിന്ന് അന്നദാനം കഴിച്ചവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇത്രയധികം ജനങ്ങള്‍ക്ക് വിളമ്പിയ ഭക്ഷണത്തിലെ ശുചിത്വമില്ലായ്മയാണ് മഞ്ഞപ്പിത്തം ബാധിക്കാന്‍ കാരണമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും അടുത്തുള്ള ആശുപത്രിയിലെത്തിച്ചതിനെത്തുടര്‍ന്നാണ് അന്നദാനത്തിലെ അപാകതകള്‍ പുറംലോകത്തെത്തിയത്. ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനായി പുറത്തു നിന്നും മറ്റ് പ്രദേശങ്ങളില്‍ നിന്നും ആള്‍ക്കാര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു. മുതിര്‍ന്നവരടക്കം നിരവധി പേര്‍ക്കാണ് അസുഖം ബാധിച്ചത്.
ഇതേത്തുടര്‍ന്ന് സ്ഥലത്ത് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നതായി ഭീതിയുണ്ടായതായും നാട്ടുകാര്‍ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. വാര്‍ത്തയറിഞ്ഞ് ഇവിടെയത്തിയ ആരോഗ്യപ്രവര്‍ത്തകരാണ് രോഗം പടരാനുള്ള കാരണങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ വിശദീകരിച്ചത്.
ALSO READ: മലയാളി കുടിക്കുന്നത് മലിനമായ വെള്ളം, ജലജന്യരോഗങ്ങള്‍ പിടിമുറുക്കുമെന്ന് മുന്നറിയിപ്പ്
കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന കാലഘട്ടമാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ ഉത്സവം സംബന്ധിച്ച ആഘോഷങ്ങള്‍ക്ക് വെള്ളം ധാരാളമായി വന്നു. ഇതിനായി ക്ഷേത്ര ജീവനക്കാര്‍ ആശ്രയിച്ചത് അടുത്തുള്ള പൊട്ടക്കിണറ്റിലെ വെള്ളമായിരുന്നു. അന്നദാനത്തിനായി ഈ കിണറിനെയാണ് കൂടുതലായി ആശ്രയിച്ചത്. ഈ കിണറ്റിലെ വെള്ളം പ്രദേശത്തുള്ളവരാരും ഉപയോഗിക്കാത്തതാണ്. ഉപയോഗിക്കാതെ കിടക്കുന്ന കിണറ്റിലെ ജലം അന്നദാനത്തിനായി ഉപയോഗിച്ചതാണ് ഇത്തരത്തില്‍ രോഗം പടര്‍ന്നുപിടിക്കാന്‍ കാരണമെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞു.
“കുളങ്ങേരടത്ത് ക്ഷേത്രത്തില്‍ നിന്ന് അന്നദാനം കഴിച്ചവര്‍ക്കാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയവരെ നിരീക്ഷിച്ചുവരികയാണ്. അവരുടെ നില മെച്ചപ്പെട്ടുവരികയും ചെയ്യുന്നുണ്ട്. മാത്രമല്ല രോഗം ഇത്തരത്തില്‍ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ പ്രദേശം തങ്ങളുടെ നിരീക്ഷണത്തിലാണ്.” -സര്‍വെയ്‌ലന്‍സ് ഓഫീസറും അഡീഷണല്‍ ഡി.എം.ഒ യുമായ ഡോ. ആശാദേവി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
രോഗികളുടെ ആരോഗ്യസ്ഥിതിയില്‍ നിലവില്‍ ആശങ്കയില്ല.അതേസമ.ം രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ജനങ്ങള്‍ക്ക് വിവിധ തരത്തിലുള്ള നിര്‍ദ്ദേശങ്ങളും ബോധവത്കരണ ക്യാപുകളും നടത്തിയിട്ടുണ്ടെന്നും ആശാദേവി പറഞ്ഞു. ഡോക്ടര്‍മാര്‍ പ്രദേശത്ത് സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ നടത്തിയിരുന്നു. തിളപ്പിച്ച വെള്ളം കുടിക്കാനും, പുറത്തു നിന്നുള്ള വൃത്തിഹീനമായ കുടിവെള്ളം ഉപയോഗിക്കാതിരിക്കാനും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
“അന്നദാനത്തിനായി പ്രദേശത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും വെള്ളമെടുത്ത് പാചകത്തിന് ഉപയോഗിച്ചതാണ് ഇപ്പോള്‍ രോഗം ഇത്രയധികം ആള്‍ക്കാരില്‍ പടരാന്‍ കാരണം. അന്നദാനം കഴിച്ചവര്‍ക്കാണ് കൂടുതലായും രോഗം വന്നത്. ഇപ്പോള്‍ പ്രദേശം മെഡിക്കല്‍ ബോര്‍ഡിന്റെ നീരീക്ഷണത്തിലാണ്.- ആശാദേവി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരുടെ നിരന്തര സന്ദര്‍ശനം ഈ പ്രദേശത്ത് ഇപ്പോള്‍ ഉണ്ടെന്നും. രോഗം പകരുന്നതിനെതിരെ വിവിധ തരത്തിലുള്ള നടപടികളുമായി പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശനം നടത്താറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരിശോധനക്കിടെ അന്നദാനത്തിന് ഉപയോഗിച്ച വെള്ളം തന്നെയാണ് മഞ്ഞപ്പിത്തം രോഗികള്‍ക്ക് പകരാന്‍ കാരണമെന്നാണ് നാട്ടുകാരനായ യുവാവും പറഞ്ഞത്. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവാവ് പറഞ്ഞു. “നാട്ടില്‍ നിന്ന് മാത്രമല്ല പുറത്ത് നിന്ന് ഉത്സവം കൂടാനെത്തിയവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഏകദേശം അമ്പതിലധികം ആള്‍ക്കാര്‍ക്ക് അന്നദാനം കഴിച്ചതോടെ രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. അന്നദാനത്തിനുള്ള ഭക്ഷണം പാകം ചെയ്യാന്‍ ആ പ്രദേശത്തുള്ള പൊട്ടക്കിണറില്‍ നിന്നാണ് വെള്ളമെടുത്തത്. വൃത്തിയായി ശുചിയാക്കാത്ത വെള്ളം ഉപയോഗിച്ചതാണ് ഇത്ര വലിയ രീതിയില്‍ രോഗം പടരാന്‍ കാരണമെന്നാണ് ഈ യുവാവിന്റെ അഭിപ്രായം.
രോഗം വ്യാപകമായതോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് ആന്റിജനുകളും മരുന്നുകളും നല്‍കിയിരുന്നു. ഹോമിയോ, ആയുര്‍വദ ഡോക്ടര്‍മാരും സ്ഥലത്തെത്തി ക്യാപ് സംഘടിപ്പിച്ചുവെന്നും” ഈ യുവാവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ ജലസ്രോതസ്സുകളില്‍ 73 ശതമാനവും മലിനമാണെന്ന് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ ഈയടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കുടിവെള്ള പ്രശ്നം രൂക്ഷമാവുന്ന ഘട്ടത്തില്‍ ഇത്തരം ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കാനും ഇത്തരത്തില്‍ മലിനജലം ഉപയോഗിച്ച് രോഗങ്ങള്‍ പടരാതിരിക്കാനും സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണമെന്ന് ആവശ്യം ഇപ്പോള്‍ ഉയര്‍ന്നുവരികയാണ്