തിരുവനന്തപുരം: സി.പി.ഐ.എം. നേതാവ് ഇ.പി ജയരാജന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥ ചോർന്നത് ഡി.സി ബുക്സിൽ നിന്ന് തന്നെയെന്ന് കണ്ടെത്തി പൊലീസ്. ഡി.സി.യുടെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി ശ്രീകുമാറിൽ നിന്നാണ് ഈ ഭാഗങ്ങൾ ചോർന്നത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കോട്ടയം എസ്.പി. ഡി.ജി.പി.ക്ക് കൈമാറി.
വോട്ടെടുപ്പ് ദിവസം തന്റെ ആത്മകഥയിലെ ഉള്ളടക്കമെന്നനിലയിൽ ചില ഭാഗങ്ങൾ പ്രചരിച്ചതിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.പി. ഡി.ജി.പിക്ക് നേരത്തെ പരാതി സമർപ്പിച്ചിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം എസ്.പിയെ അന്വേഷിക്കാൻ ഡി.ജി.പി. ചുമതലപ്പെടുത്തി. ഇത്തരത്തിൽ ആദ്യഘട്ടത്തിൽ ഒരു റിപ്പോർട്ടും എസ്.പി. സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഡി.ജി.പി മടക്കി അയക്കുകയായിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ കോട്ടയം എസ്.പി. സമർപ്പിച്ച രണ്ടാംഘട്ട റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആത്മകഥയിലെ ഉള്ളടക്കമെന്നനിലയിൽ ഭാഗങ്ങൾ ചോർന്നത് ഡി.സി. ബുക്സിൽ നിന്ന് തന്നെയാണെന്നാണ് റിപ്പോർട്ടിലെ പ്രധാനപ്പെട്ട കണ്ടെത്തൽ. ശ്രീകുമാറിന്റെ മെയിലിൽ നിന്നാണ് ഉള്ളടക്കം ചോർന്നത് എന്നാണ് പറയുന്നത്.
ഇ.പി. ജയരാജനുമായി കൃത്യമായ ഒരു കരാർ ഡി.സി. ബുക്സിനില്ലായിരുന്നു. പിന്നെ, എങ്ങിനെയാണ് ആത്മകഥയുടെ ഭാഗങ്ങൾ ഡി.സി. ബുക്സിലേക്കെത്തിയത് എന്നതിൽ അന്വേഷണം ആവശ്യമാണ്. എന്നാൽ, വിഷയം പകർപ്പവകാശ നിയമത്തിന് കീഴിൽ വരുന്ന കാര്യമായതിനാൽ പോലീസിന് നേരിട്ട് കേസെടുത്ത് അന്വേഷിക്കാനാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
Content Highlight: EP’s autobiography was leaked from DC Books itself: The Police