| Saturday, 31st August 2024, 10:18 am

ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: മുതിര്‍ന്ന സി.പി.ഐ.എം. നേതാവ് ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. ഇ.പി. ജയരാജന്‍ ഇന്ന് സ്ഥാനം ഒഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേകറുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടപടിക്ക് മുന്നെ സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

ഇതിന്റെ ഭാഗമായി അദ്ദേഹം രാജി സന്നദ്ധത സി.പി.ഐ.എം സംസ്ഥാന സമിതിയെ അറിയിക്കുകയും ചെയ്തിരുന്നു. ശേഷം ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങുകയാണുണ്ടായത്. വീട്ടിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

എല്‍.ഡി.എഫ് കണ്‍വീനറായിരിക്കെ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേകറുമായ ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു. ജാവദേകറുമായുള്ള കൂടിക്കാഴ്ചയും, ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധവുമെല്ലാം പിണറായി വിജയനടക്കമുള്ള നേതാക്കളില്‍ അനിഷ്ടമുണ്ടാക്കിയിരുന്നു.

പിണറായിയും എം.വി. ഗോവിന്ദനുമെല്ലാം അദ്ദേഹത്തെ ഇക്കാര്യത്തില്‍ തള്ളിപ്പറയുകയും ചെയ്തിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇ.പി. ജയരാജന്റെ ചില പ്രസ്താവനകള്‍ സി.പി.ഐ.എമ്മിന്റെ തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലുകളുമുണ്ടായിരുന്നു.

കൂടാതെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സി.പി.ഐ.എം എം.എല്‍.എ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇ.പി. ജയരാജന്റേത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചാല്‍ മുകേഷും രാജിവെക്കുമെന്ന തരത്തിലുള്ള പ്രതിരോധവും ആദ്യം ഉയര്‍ത്തിയത് ഇ.പി. ജയരാജനായിരുന്നു.

content highlights: EP Jayarajan was removed from the post of LDF convenor

We use cookies to give you the best possible experience. Learn more