| Thursday, 7th April 2022, 9:30 am

കോണ്‍ഗ്രസിന്റെ അവസ്ഥ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന പോലെ: ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജന്‍. കെ.വി. തോമസിനെ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വിലക്കിയത് തന്നെ വെടിവെച്ചുകൊല്ലാന്‍ ആളെകൂട്ടി പോയവനാണെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു.

‘മറ്റ് പാര്‍ട്ടിയിലെ പല നേതാക്കളും സി.പി.ഐ.എമ്മിലേക്ക് വരുന്ന കാലമാണിത്. കെ.വി. തോമസ് പാര്‍ട്ടി പരിപാടിക്ക് വരുമോയെന്ന് കാത്തിരുന്ന് കാണാം. കെ.വി. തോമസ് വഴിയാധാരമാവില്ല. തോമസിനെ വിലക്കിയത് കോണ്‍ഗ്രസിന്റെ തിരുമണ്ടന്‍ തീരുമാനമാണ്. കോണ്‍ഗ്രസിന്റെ അവസ്ഥ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന പോലെയാണ്. ആര്‍.എസ്.എസ് മനസുള്ളവരാണ് കെ.വി. തോമസിനെ വിലക്കുന്നത്,’ ജയരാജന്‍ പറഞ്ഞു.

കെ.വി. തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ വഴിയാധാരമാവില്ലെന്ന് സി.പി.ഐ.എം നേതൃത്വവും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

സെമിനാറില്‍ പങ്കെടുത്താല്‍ കെ.വി. തോമസ് ദുഖിക്കേണ്ടി വരില്ലെന്നാണ് എം.എ. ബേബി നടത്തിയ പ്രതികരണം. കോണ്‍ഗ്രസ് നടപടിയെടുത്താല്‍ കെ.വി. തോമസിനെ സി.പി.ഐ.എം സംരക്ഷിക്കും എന്ന സൂചനകൂടിയാണ് എം.എ. ബേബി നല്‍കുന്നത്. സി.പി.ഐ.എമ്മിനോട് സഹകരിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതാണ് പാര്‍ട്ടിയുടെ ചരിത്രം എന്നും എം.എ. ബേബി വ്യക്തമാക്കി.

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ.വി. തോമസ് കോണ്‍ഗ്രസിന് പുറത്തേക്ക് പോകേണ്ടിവരുമെന്നാണ് കെ. സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിലക്ക് ലംഘിച്ച് കെ.വി. തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കിന്നില്ലെന്നാണ് കരുതുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

പുറത്ത് പോകാനുള്ള മനസുണ്ടെങ്കിലേ ഈ പരിപാടിയില്‍ പങ്കെടുക്കൂ. അല്ലെങ്കില്‍ പങ്കെടുക്കില്ലല്ലോ. പുറത്താണെങ്കില്‍ പുറത്ത് എന്ന് തീരുമാനം എടുത്താലേ പരിപാടിയില്‍ പങ്കെടുക്കൂ. അദ്ദേഹം പങ്കെടുക്കില്ലെന്നാണ് എന്റെ തിരിച്ചറിവും ഊഹവും. എം.വി. ജയരാജന് എന്തും പറയാം, ഞങ്ങള്‍ക്കവിടെ പാര്‍ട്ടിയുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: EP Jayarajan trolls congress and K Sudhakaran

We use cookies to give you the best possible experience. Learn more