| Friday, 28th July 2023, 5:29 pm

ജയരാജന്‍ നടത്തിയത് പദഭംഗി ഉപയോഗിച്ചുകൊണ്ടുള്ള ഭാഷാ പ്രയോഗം: ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മോര്‍ച്ചറി പരാമര്‍ശത്തില്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന് പിന്തുണയുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പി.ജയരാജന്‍ നടത്തിയത് പദഭംഗി ഉപയോഗിച്ചുകൊണ്ടുള്ള ഒരു പദപ്രയോഗം മാത്രമാണൈന്ന് അദ്ദേഹം പറഞ്ഞു.

‘യുവമോര്‍ച്ചയുടെ പ്രഖ്യാപനം മോര്‍ച്ചറിയിലായിരിക്കും എന്നത് പദഭംഗി ഉപയോഗിച്ചുകൊണ്ടുള്ള ഭാഷാ പ്രയോഗം മാത്രമായിരുന്നു . യുവമോര്‍ച്ചയായിരുന്നല്ലോ, അതുകൊണ്ട് മോര്‍ച്ചറി എന്ന പദം പ്രയോഗിച്ചുവെന്നേയുള്ളൂ. ഭാഷാ ഭംഗിക്ക് ഒരു പ്രാസംഗികനെന്ന നിലയില്‍ ഒരു പ്രയോഗം മാത്രമേ ജയരാജന്‍ നടത്തിയിട്ടുള്ളൂ,’ ഇ.പി പറഞ്ഞു.

ഷംസീര്‍ വിദ്യാലയത്തില്‍ നടത്തിയ പ്രസംഗം തെറ്റായിട്ടുള്ളതല്ലെന്നും മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ പരാമര്‍ശിച്ച ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ശാസ്ത്ര വളര്‍ച്ചയെയും നേട്ടത്തെയും പ്രതിപാദിക്കുകയാണ് ഷംസീര്‍ ചെയ്തതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

‘കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നല്ല ചെറുപ്പക്കാരനും ഒരു സ്പീക്കര്‍ എന്ന നിലയില്‍ തിളങ്ങി നിന്നിട്ടുള്ള വ്യക്തിയുമാണ്. ഷംസീര്‍ വിദ്യാലയത്തില്‍ നടത്തിയ പ്രസംഗം ഒരിക്കലും തെറ്റായിട്ടുള്ളതല്ല. അദ്ദേഹം മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ പരാമര്‍ശിച്ച ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ശാസ്ത്ര വളര്‍ച്ചയെയും നേട്ടത്തെയും പ്രതിപാദിക്കുകയാണ് ചെയ്തത്.

ശാസ്ത്ര വളര്‍ച്ചയെ ജനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുക. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ജനങ്ങളെ ചൂഷണം ചെയ്യുന്ന വിശ്വാസങ്ങളും പ്രചരിപ്പിച്ചുകൊണ്ടുള്ള പണ സമ്പാദനവുമെല്ലാം പൊതുസമൂഹം തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. ഇത്തരമൊരു സംഭവത്തെ കുറിച്ചുള്ള പരാമര്‍ശം മാത്രമേ അദ്ദേഹം നടത്തിയിട്ടുള്ളൂ. ഒരു ദൈവത്തേയോ ജാതിയെയോ മതത്തെയോ ഒരു ഭാഷയെയോ ഒരു വിഭാഗത്തെയോ സ്പീക്കര്‍ ആക്ഷേപിച്ചിട്ടില്ല. അദ്ദേഹം തലശേരിയിലും പരിസരപ്രദേശങ്ങളിലും നേടിയെടുത്ത നേട്ടം പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്, ഇ.പി പറഞ്ഞു.

Content Highlight: EP Jayarajan support P jayarajan

We use cookies to give you the best possible experience. Learn more