കാസര്‍കോട്: പെരിന്തല്‍മണ്ണയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ മരിച്ച മുന്‍ സന്തോഷ് ട്രോഫി താരം പാലക്കാട് കൊട്ടേക്കാട് തെക്കോണിയിലെ ആര്‍.ധനരാജന്റെ ഭാര്യക്ക് സഹകരണവകുപ്പില്‍ ജോലി നല്‍കുമെന്നറിയിച്ച് കായിക മന്ത്രി ഇ.പി ജയരാജന്‍.
ഇതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. കാസര്‍കോട് സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ 29 നാണ് ധനരാജ് കളിക്കളത്തില്‍ കുഴഞ്ഞു വീണ് മരിച്ചത്. നെഹ്‌റു സ്റ്റേഡിയത്തിലെ സെവന്‍സ് ഫുട്‌ബോളില്‍ പെരിന്തല്‍മണ്ണ എഫ്.സിക്കു വേണ്ടി കളിക്കുന്നതിനിടെയാണ് ധനരാജ് കുഴഞ്ഞു വീണത്. കളിക്കളത്തിലിറങ്ങിയ ധനരാജന്‍ ആദ്യ പകുതി അവസാനിക്കാറായപ്പോള്‍ നെഞ്ചു വേദനയെ തുടര്‍ന്ന് മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു.
മുന്‍ സന്തോഷ് ട്രോഫിയില്‍ കേരള ടീം അംഗമായിരുന്ന ആര്‍. ധനരാജ് മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍സ് ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.മുഹമ്മദന്‍സ് ഡ്യൂറോ കപ്പു നേടുമ്പോള്‍ ധനരാജായിരുന്നു ക്യാപ്റ്റന്‍. അര്‍ച്ചനയാണ് ധനാരജന്റെ ഭാര്യ.