Kerala News
ആലപ്പാട്ടെ സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ; സീ വാഷിങ് നിർത്തി വെക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 17, 01:55 pm
Thursday, 17th January 2019, 7:25 pm

തിരുവനന്തപുരം: ആലപ്പാട്ടെ സമരം അവസാനിപ്പിക്കണമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ആലപ്പാട്ടെ സമരസമിതി നേതാക്കളുമായി ഒരു മണിക്കൂർ നീണ്ടുനിന്ന ചർച്ച നടത്തിയതിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സമര സമിതിയുടെ നിർദ്ദേശപ്രകാരം കരിമണൽ ശേഖരിക്കുന്നതുമായി ബന്ധപെട്ടു ഒരു വിദഗ്ധ സമിതി പഠനം നടത്തുമെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെയാകും സീവാഷിങ് നിർത്തി വെക്കുക എന്നും അദ്ദേഹം പറഞ്ഞു.

Also Read ഞങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞ മദറിന് പുറത്താക്കാന്‍ എന്തധികാരമാണുള്ളത് ; സിസ്റ്റര്‍ അനുപമ സംസാരിക്കുന്നു

എന്നാൽ ഇൻലാൻഡ് സീ വാഷിങ് തുടരും. കരിമണൽ ഖനനം നടത്തി പ്രോസസ്സ് ചെയ്യുന്ന പ്രക്രിയയെയാണ് സീ വാഷിങ് അഥവാ ബീച്ച് വാഷിങ് എന്ന് പറയുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിക്ക് ഒരു മാസം സമയം നൽകും. ആലപ്പാട് പഞ്ചായത്തിന്റെ കടൽ ഭിത്തി മോശപ്പെട്ട നിലയിലാണ് എന്നും അത് പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

ഖനനം കാരണം ഉണ്ടായ കുഴികളും മറ്റ് കേടുപാടുകളും ഇല്ലാതാക്കും. കടൽ കയറി കര നഷപ്പെടുന്നത് തടയാൻ പുലിമുട്ടുകൾ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പാട്ടെ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ഉടൻ തന്നെ പിൻവലിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സമരം നിർത്താൻ പദ്ധതിയില്ല എന്നു ആലപ്പാട്ടെ സമരസമിതി അറിയിച്ചു.

Also Read കൊടുവള്ളിയിലെ ഇടത് സ്വതന്ത്രന്‍ കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കി

ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചയില്ലെന്നും ഖനനം തുടരുമെന്നാണ് മന്ത്രി ഇ.പി ജയരാജന്‍ നിലപാടെടുത്തിരുന്നത്. ആലപ്പാട് തീരം നഷ്ടമായത് ഖനനം മൂലമല്ലെന്നും സുനാമി കൊണ്ടാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.