| Monday, 6th January 2025, 9:07 pm

ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; ഡി.സി ബുക്‌സിന് ഹൈക്കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സി.പി.ഐ.എം നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡി.സി ബുക്‌സിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഡി.സി ബുക്‌സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എ.വി ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇ.പി ജയരാജന്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

ഹരജി പരിഗണിച്ച ഹൈക്കോടതി എഴുത്തുകാരന്റെ അനുമതിയിയില്ലാതെയല്ലേ ആത്മകഥയുടെ തലക്കെട്ട് തയ്യാറാക്കിയതെന്നും പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കിയതെന്നും ചോദിച്ചു. എഴുത്തുകാരനെ മാനസികമായി ബുദ്ധിമുട്ടിക്കാനും അപമാനിക്കാനുമായല്ലേ ഇങ്ങനെ ചെയ്യുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

എഴുത്തുകാരന്റെ അനുമതി ഇല്ലാതെ പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ട ഡി.സി ബുക്‌സിന്റെ നടപടി ശരിയാണോയെന്നും ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി.

പ്രസിദ്ധീകരണത്തിന് അനുമതി നല്‍കാതെ എങ്ങനെയാണ് പുസ്തകം പുറത്തുവിടാന്‍ സാധിക്കുകയെന്നും എഴുത്തുകാരനെ അപമാനിച്ചുവെന്നത് വസ്തുതയാണെന്നും കോടതി വിമര്‍ശിച്ചു.

എഴുത്തുകാരന്റെ അനുമതിയില്ലാതെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടതെന്നും ഡി.സി ബുക്‌സിനും എഡിറ്റോറിയല്‍ കമ്മറ്റിക്കും പിഴവ് പറ്റിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങള്‍ സമ്മതിക്കണമെന്നും ഹൈക്കോടതി ഡി.സി ബുക്‌സിന്റെ അഭിഭാഷകനോട് പറയുകയും ഉള്ളടക്കം പുറത്തുവിട്ടത് ശരിയായില്ലെന്ന് അഭിഭാഷകനും സമ്മതിച്ചതായും ഇ.പി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെ എങ്ങനെ തെറ്റ് പറയാനാകുമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉപതെഞ്ഞെടുപ്പിന്റെ സമയത്താണ് ഡി.സി. ബുക്‌സ് ഇ.പി ജയരാജന്റെ ആത്മകഥയെന്ന് അവകാശപ്പെട്ട് കൊണ്ട് പുസ്തകത്തിന്റെ കവര്‍ ഉള്‍പ്പടെ പുറത്തുവിട്ടത്. കട്ടന്‍ ചായയും പരിപ്പുവടയും എന്നാണ് പുസ്തകത്തിന്റെ പേര് എന്നാണ് ഡി.സി. അവകാശപ്പെട്ടത്. ഇ.എം.എസും ഇ.പി ജയരാജനും ഒരുമിച്ചിരിക്കുന്ന ചിത്രമായിരുന്നു പുസ്തകത്തിന്റെ കവര്‍. പിന്നാലെ പുസ്തകത്തിലെ ഉള്ളടക്കങ്ങള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ ചില പേജുകളും പുറത്തുവിട്ടിരുന്നു.

പുസ്തകത്തിലുള്ളതെന്ന് അവകാശപ്പെട്ട് പ്രചരിച്ചത് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥി പി.സരിനെ കുറിച്ചും ഇ.പിയും പ്രകാശ് ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ളതുമായിരുന്നു. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളും പുസ്തകത്തിലുള്ളതായി മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു.

ഈ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ ഇ.പി, താന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ ഈ കാര്യങ്ങളൊന്നുമില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഏതെങ്കിലും പ്രസാധകരുമായി താന്‍ കരാറിലെത്തിയിട്ടില്ലെന്നും മാതൃഭൂമിയും പുസ്തകത്തിന് വേണ്ടി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജന്‍ പറയുകയുണ്ടായി.

മാത്രവുമല്ല പുസ്തകത്തിന് താന്‍ പേരിടുകയോ, പുസ്തകത്തിന്റെ എഴുത്ത് പൂര്‍ത്തിയാകുകയോ ചെയ്തിട്ടില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു. താന്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും താന്‍ അറിയാതെ എങ്ങിനെയാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത് എന്നും ഇ.പി. ചോദിച്ചു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ പുസ്തകത്തിലെ ഉള്ളടക്കം എന്ന പേരില്‍ വാര്‍ത്തകള്‍ പുറത്തു വന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു.

പിന്നാലെ ആത്മകഥാ വിവാദം സംബന്ധിച്ച് ഇ.പി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമികാന്വേഷണത്തില്‍ ഡി.സി.യുടെ പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി ശ്രീകുമാറില്‍ നിന്നാണ് ആത്മകഥയുടെ ഭാഗങ്ങള്‍ ചോര്‍ന്നതെന്നും ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്.പി. ഡി.ജി.പി.ക്ക് കൈമാറുകയും ചെയ്തിരുന്നു. ശ്രീകുമാറിന്റെ മെയിലില്‍ നിന്നാണ് ഉള്ളടക്കം ചോര്‍ന്നത് എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

പിന്നാലെ ശ്രീകുമാറിനെതിരെ വഞ്ചനാകുറ്റം രജിസ്റ്റര്‍ ചെയ്യാനും എ.ഡി.ജി.പി മനോജ് എബ്രഹാം നിര്‍ദേശിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ പരാതി വേണ്ടെന്നും നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ വഞ്ചനാ കുറ്റം രജിസ്റ്റര്‍ ചെയ്യാമെന്നും എ.ഡി.ജി.പി മനോജ് എബ്രഹാം നിര്‍ദേശിച്ചിരുന്നു.

Content Highlight: EP Jayarajan’s Autobiography Controversy; High Court criticizes DC Books

We use cookies to give you the best possible experience. Learn more