ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം; ഡി.സി ബുക്‌സ് ജീവനക്കാരന്‍ അറസ്റ്റില്‍
Kerala News
ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം; ഡി.സി ബുക്‌സ് ജീവനക്കാരന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 16, 05:16 am
Thursday, 16th January 2025, 10:46 am

കോട്ടയം: സി.പി.ഐ.എം നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ ഇ.പി. ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡി.സി ബുക്‌സ് ജീവനക്കാരന്‍ അറസ്റ്റില്‍. പബ്ലിക്കേഷന്‍ വിഭാഗം മുന്‍ മേധാവി എ.വി. ശ്രീകുമാറാണ് അറസ്റ്റിലായത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകുമാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യമുള്ള പശ്ചാത്തലത്തിലാണ് നടപടി.

കോട്ടയം ഈസ്റ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മകഥയുടെ ഭാഗങ്ങള്‍ ശ്രീകുമാറിന്റെ കൈയില്‍ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു.

മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി, എഴുത്തുകാരന്റെ അനുമതിയില്ലാതെയല്ലേ ആത്മകഥയുടെ തലക്കെട്ട് തയ്യാറാക്കിയതെന്നും പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കിയതെന്നും ശ്രീകുമാറിനോട് ചോദിച്ചിരുന്നു. എഴുത്തുകാരനെ മാനസികമായി ബുദ്ധിമുട്ടിക്കാനും അപമാനിക്കാനുമുള്ള നീക്കമായിരുന്നില്ലേയെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

എഴുത്തുകാരന്റെ അനുമതിയില്ലാതെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ടതെന്നും ഡി.സി ബുക്സിനും എഡിറ്റോറിയല്‍ കമ്മറ്റിക്കും പിഴവ് പറ്റിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെ എങ്ങനെ തെറ്റ് പറയാനാകുമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു.

2024 നവംബറില്‍ ഉപതെഞ്ഞെടുപ്പിന്റെ സമയത്താണ് ഡി.സി ബുക്സ് ഇ.പി. ജയരാജന്റെ ആത്മകഥയെന്ന് അവകാശപ്പെട്ട് കൊണ്ട് പുസ്തകത്തിന്റെ കവര്‍ ഉള്‍പ്പടെ പുറത്തുവിട്ടത്. കട്ടന്‍ ചായയും പരിപ്പുവടയും എന്നാണ് പുസ്തകത്തിന്റെ പേര് എന്നാണ് ഡി.സി. അവകാശപ്പെട്ടത്. ഇ.എം.എസും ഇ.പി ജയരാജനും ഒരുമിച്ചിരിക്കുന്ന ചിത്രമായിരുന്നു പുസ്തകത്തിന്റെ കവര്‍. പിന്നാലെ പുസ്തകത്തിലെ ഉള്ളടക്കങ്ങള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ ചില പേജുകളും പുറത്തുവിട്ടിരുന്നു.

പുസ്തകത്തിലുള്ളതെന്ന് അവകാശപ്പെട്ട് പ്രചരിച്ച വിഷയങ്ങള്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥി പി. സരിനെ കുറിച്ചും ഇ.പിയും പ്രകാശ് ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുമായിരുന്നു. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളും പുസ്തകത്തിലുള്ളതായി മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു.

ഈ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ, താന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ ഈ കാര്യങ്ങളൊന്നുമില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കി ഇ.പി. രംഗത്തെത്തിയിരുന്നു. ഏതെങ്കിലും പ്രസാധകരുമായി താന്‍ കരാറിലെത്തിയിട്ടില്ലെന്നും മാതൃഭൂമിയും പുസ്തകത്തിന് വേണ്ടി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: EP Jayarajan’s Autobiography Controversy; DC Books employee arrested