തിരുവനന്തപുരം: മുഖ്യമന്ത്രി വായ മൂടിക്കെട്ടിയ പോത്താണെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിദ്വേഷ പരാമര്‍ശത്തോട് പ്രതികരിച്ച് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഇന്ത്യന്‍ സ്വാതത്ര്യസമര പ്രസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു പങ്കുണ്ടെന്നും എന്നാല്‍ ആ സംഘടനയുടെ കേരളത്തിലെ കെ.പി.സി.സിയുടെ പ്രസിഡന്റായി മാനസികമായി തകരാറുള്ള ഒരാളാണെന്നും ജയരാജന്‍ പറഞ്ഞു.
മാനസികരോഗികളെ കെ.പി.സി.സിയുടെ പ്രസിഡന്റാക്കരുതെന്നും കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം ഇക്കാര്യം പരിശോധിച്ച് ഇത്തരത്തിലുള്ള മാനസികരോഗികളെ അവരുടെ നേതൃ സ്ഥാനത്ത് നിന്ന് നീക്കുന്നില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരുപാട് അനുഭവങ്ങള്‍ ഉള്ളൊരു രാഷ്ട്രീയ സംഘടനയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് അതിലൂടെ വളര്‍ന്നുവന്നവരാണ്. ഇന്ത്യന്‍ സ്വാതത്ര്യസമര പ്രസ്ഥാനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരു പങ്കുണ്ട്. പക്ഷെ ആ സംഘടനയുടെ കേരളത്തിലെ കെ.പി.സി.സിയുടെ പ്രസിഡന്റായി മാനസികമായി തകരാറുള്ള ഒരാളാണ്.
അദ്ദേഹത്തിന് മാനസികമായി എന്തോ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് മാനസിക രോഗികളെ കെ.പി.സി.സിയുടെ പ്രസിഡന്റാക്കരുത്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വം ഇക്കാര്യം പരിശോധിച്ച് ഇത്തരത്തിലുള്ള മാനസിക രോഗികളെ അവരുടെ നേതൃസ്ഥാനത്ത് നിന്ന് നീക്കുന്നില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കും. അത് കോണ്‍ഗ്രസിന്റെ പതനത്തിന് ഇടയാക്കും.
അത് അവരാണ് പരിശോധിക്കേണ്ടത് അവരാണ് ചിന്തിക്കേണ്ടത്. കോണ്‍ഗ്രസിന്റെ നേതാക്കളും അഖിലേന്ത്യ നേതാക്കളും അതിന്റെ അണികളും ഇതിനെക്കുറിച്ച് ചിന്തിക്കുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
കേരളത്തിലെ ജനങ്ങള്‍ ആകെ ആദരിക്കുന്ന ബഹുമാന്യനായ മുഖ്യമന്ത്രി, ആ മുഖ്യമന്ത്രിക്കെതിരെ ഇങ്ങനെ പറയണമെങ്കില്‍ സാമാന്യ ബോധമുള്ള ഒരാള്‍ക്ക് പറയാന്‍ കഴിയുന്നതല്ല. അപ്പൊ എന്തോ സംഭവിച്ച് കഴിഞ്ഞിട്ടുണ്ട്. ഞാനത് നിരീക്ഷിക്കുന്നത് മാനസികമായ തകരാറ് സുധാകരന് ഉണ്ടെന്നാണ്,’ ജയരാജന്‍ പറഞ്ഞു.
Content Highlights: EP Jayarajan reacts to K Sudhakaran’s hate speech