| Tuesday, 19th July 2022, 2:24 pm

പൊലീസ് നിക്ഷ്പക്ഷവും നീതിപൂര്‍വമായാണ് പ്രവര്‍ത്തിക്കുന്നത്; നിയമം അതിന്റെ വഴിക്ക് പോകും; ശബരിനാഥിന്റെ അറസ്റ്റില്‍ ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണുര്‍: പൊലീസ് നിക്ഷ്പക്ഷവും നീതിപൂര്‍വമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു കുറ്റവാളികളെയും അവര്‍ സംരക്ഷിക്കില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമ കേസില്‍ കെ.എസ്. ശബരിനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അക്രമികളെ സംരക്ഷിക്കാനുള്ള നിലപാട് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുണ്ടെന്നും ആ കാര്യം അവര്‍ എപ്പൊഴും നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഈ സംഭവത്തില്‍ ജയിലില്‍ പോയി വന്ന പ്രവര്‍ത്തകരെ ഷാളിട്ട് സ്വീകരിച്ചവരാണ് അവരെന്നും ഇ.പി. കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്കെതിരായി ഇന്‍ഡിഗോ വിമാനത്തിലുണ്ടായ പ്രതിഷേധം ആസൂത്രിതമാണെന്ന് വ്യക്തമായെന്നും ഇന്‍ഡിഗോ കമ്പനി ബഹിഷ്‌കരിക്കാനുള്ള തന്റെ തീരുമാനത്തില്‍ പിശകില്ലെന്നും ഇ.പി.ജയരാജന്‍  മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് അവരെ തള്ളിയിട്ട സംഭവത്തില്‍ ഇന്‍ഡിഗോ കമ്പനി ഇ.പി.ജയരാജന് മൂന്ന് ആഴ്ചയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വിലക്കിന്റെ കാര്യം ഇന്‍ഡിഗോ തന്നെ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും, മാധ്യമ പവര്‍ത്തകരായ സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞെപ്പോഴാണ് താന്‍ വിവരം അറിഞ്ഞത്. ഇന്‍ഡിഗോ അവരുടെ വിമാനത്തില്‍ അക്രമം നടത്താന്‍ തയ്യാറായി വന്നവരെ എതിര്‍ത്തതിന് എനിക്ക് പുരസ്‌കാരം നല്‍കേണ്ടതായിരുന്നു, എന്നാല്‍ അവര്‍ ചെയ്തത് അക്രമിക്കാന്‍ വന്ന ക്രിമിനലുകള്‍ക്ക് രണ്ടാഴ്ച യാത്രാ വിലക്കും എനിക്ക് മൂന്നാഴ്ച്ച വിലക്കുമാണ് ഏര്‍പ്പെടുത്തിയത്. ഈ സംഭവത്തോടെ ഇന്‍ഡിഗോ കമ്പനി എത്ര തെറ്റായ നിലപാടാണ് സ്വീകരിച്ചത് എന്ന് പ്രഥമ ദൃഷ്ടിയാല്‍ മനസിലാകുമെന്നും ഇ.പി പറഞ്ഞു.

ഞാന്‍ നടന്ന് പോയാലും ഇനി ഇവരുടെ വിമാനത്തില്‍ കയറില്ലെന്നും, ഇന്റര്‍നാഷണലായാലും നാഷണലായാലും ഇനി ആ കമ്പനിയുടെ വിമാനത്തില്‍ ഞാന്‍ യാത്ര ചെയ്യില്ല, എന്റെ കുടുംബക്കാരും യാത്ര ചെയ്യില്ല. ഈ കമ്പനിയെക്കുറിച്ച് ജനങ്ങള്‍ മനസിലാക്കുമ്പോള്‍ ജനങ്ങളും ഇതേ നിലപാട് സ്വീകരിക്കും, ഈ കമ്പനിയുടെ സ്റ്റാന്‍ഡേര്‍ഡ് മനസിലാക്കും. എങ്ങനെ മൂന്ന് പേര്‍ പ്ലാന്‍ ചെയ്ത് വരുന്നതായി ഇന്‍ഡിഗോ കമ്പനിക്ക് അറിയാമായിരുന്നിട്ടും ഒരു 36,000 രൂപക്ക് വേണ്ടി അവരെ വിമാനത്തില്‍ കയറ്റിയത് ശരിയായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി.ജയരാജന്‍ യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിവീഴ്ത്തുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വന്‍ വിവാദത്തിന് വഴിയൊരുക്കുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

CONTENT HIGHLIGHTS: EP Jayarajan react KS Sabarinathan’s arrest

We use cookies to give you the best possible experience. Learn more