| Thursday, 10th August 2023, 12:32 pm

ടി. വീണക്കെതിരായ ആരോപണം വ്യക്തിഹത്യ നടത്താന്‍: ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടി. വീണക്കെതിരായ ആരോപണം തെറ്റെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. എന്തിനാണ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ വ്യക്തിഹത്യ നടത്തുന്നതിനായി ഉപയോഗിക്കുന്നതെന്നും രാഷ്ട്രീയ വിരോധം രാഷ്ട്രീയം കൊണ്ടാണ് തീര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ഇതെല്ലാം പ്രോപ്പര്‍ റെക്കോര്‍ഡ് അല്ലേ, എന്തെങ്കിലും രഹസ്യമുണ്ടോ. എന്തിനാണ് വേണ്ടാത്ത കാര്യങ്ങള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ വ്യക്തിഹത്യ നടത്താന്‍ ഉപയോഗിക്കുന്നത്. രാഷ്ട്രീയ വിരോധം രാഷ്ട്രീയം കൊണ്ട് തീര്‍ക്കാം, അതിന് കുടുംബാംഗങ്ങളെ വ്യക്തിഹത്യ ചെയ്യാന്‍ പാടില്ല. അതൊരു വാസനയായി വരികയാണ് ഇപ്പോള്‍. എന്ത് സേവനം എന്നുള്ളത് ആ കമ്പനിയുടെ പ്രശ്‌നമല്ലേ. അത് നിങ്ങളുടെ പ്രശ്‌നമാണോ, ആ കമ്പനിക്കല്ലേ പരാതി വേണ്ടത്. കണ്‍സെല്‍ട്ടെന്‍സി കൊടുക്കുന്ന കമ്പനി, അതില്‍ എന്തെല്ലാം നിര്‍ദേശങ്ങളും ഉപദേശങ്ങളും സഹായങ്ങളുമുണ്ട്. ഒരു കമ്പനിയെ തകര്‍ച്ചയില്‍ നിന്നും വളര്‍ത്തിയെടുക്കാന്‍, ആധുനിക ടെക്‌നോളജിയുടെ കോണ്‍ട്രിബ്യൂഷന്‍, അറിവിന്റെ കോണ്‍ട്രിബ്യൂഷന്‍, ഇതെല്ലാം ഇന്റലെക്ച്വല്‍ രംഗത്ത് നടക്കുന്ന സംഭവങ്ങളാണ്. അതൊന്നും അറിയാത്ത ചിലര്‍ വ്യക്തിഹത്യ നടത്താന്‍ പുറപ്പെടരുത്,’ ഇ.പി ജയരാജന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിനെയോ മുഖ്യമന്ത്രിയെയോ എതിര്‍ക്കാമെന്നും എന്നാല്‍ അതിനായി തെറ്റായ വഴികള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു നല്ല ടെക്‌നീഷ്യനെ ഏറ്റവും നല്ല ഒരു എക്‌സ്‌പേര്‍ട്ടിനെ നിങ്ങള്‍ക്ക് വ്യക്തിഹത്യ നടത്തണം. ഇതൊന്നും നല്ല ശീലവും ഗുണവുമല്ല. തെറ്റായ പ്രവണതകളില്‍ നിന്നും പിന്തിരിയണം. സി.പി.ഐ.എമ്മിനെ എതിര്‍ത്തോ, മുഖ്യമന്ത്രിയെ എതിര്‍ത്തോ പക്ഷെ അതിന് തെറ്റായ വഴികള്‍ സ്വീകരിക്കരുത്. 2017 ലേതാണ് കരാര്‍ , ഇപ്പോള്‍ ഉള്ളതല്ല. എന്താണ് ചെയ്യുന്നത്, അതുകൊണ്ട് ഇതെല്ലാം രാജ്യത്തെ ജനങ്ങള്‍ മനസിലാക്കിയാല്‍ ഇത് ഉന്നയിക്കുന്നവര്‍ക്കെതിരെ ജനങ്ങള്‍ തിരിയും. രാഷ്ടീയ വിരോധം തീര്‍ക്കാന്‍ ഇതിനെ ഉപയോഗിക്കരുത്. കുടുംബത്തെ തകര്‍ക്കാന്‍ ഉപയോഗിക്കരുത്.

ബുധനാഴ്ചയാണ് സ്വകാര്യ കമ്പനിയില്‍ നിന്ന് വാര്‍ഷിക പരിപാലന കരാറായി(A M C- annual maintenance contract ) വീണ പണം സ്വീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വാര്‍ഷിക പരിപാലന കരാറായി മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി രൂപ വാങ്ങിയതായാണ് ഇന്‍കം ടാക്സ് രേഖകള്‍ പുറത്തുവിട്ട രേഖകളില്‍ രേഖപ്പെടുത്തിയിരുന്നത്.

2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സി.എം.ആര്‍.എല്‍ കമ്പനി വീണക്ക് പണം നല്‍കിയതെന്നും സേവനങ്ങള്‍ നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്നും ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ രേഖകളുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വീണക്ക് പുറമെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ പണം നല്‍കിയതിന്റെ രേഖകളും ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.

Content Highlights: EP Jayarajan over veena contravercy

We use cookies to give you the best possible experience. Learn more