| Saturday, 18th April 2020, 3:16 pm

ലോകത്ത് ഒരു കാര്യവും രഹസ്യമല്ല; പ്രതിപക്ഷം എന്തോ നിധി കിട്ടിയതുപോലെ സ്പ്രിംഗ്‌ളറില്‍ വിവാദമുണ്ടാക്കുന്നുവെന്ന് ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ലോകത്ത് ഒരു കാര്യവും രഹസ്യമല്ലെന്ന് മന്ത്രി പറഞ്ഞു.

വ്യക്തികളുടെ വിവരം ചോരുമെന്ന വാദത്തില്‍ കഴമ്പില്ല. പ്രതിപക്ഷം എന്തോ നിധി കിട്ടിയതുപോലെ വിവാദമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്ത് വിവരം വേണമെങ്കിലും പരസ്യമാക്കാം. മന്ത്രിസഭായോഗത്തിലെ കാര്യങ്ങള്‍ എല്ലായിടത്തും കൊട്ടിപ്പാടാനുള്ളതല്ല. പുറത്തുപറയേണ്ട കാര്യമെ പറയൂവെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

നേരത്തെ സ്പ്രിംഗ്‌ളര്‍ കരാറിനായി നിയമോപദേശം തേടിയിരുന്നില്ലെന്ന് ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു. കമ്പനി വിവരശേഖരണത്തിന് അനുയോജ്യരാണെന്ന് വ്യക്തമായതിനാലാണ് കരാര്‍ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഐ.ടി സെക്രട്ടറിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സ്പ്രിംഗ്‌ളര്‍ കരാറില്‍ ഐ.ടി സെക്രട്ടറി സ്വന്തം ഇഷ്ടാനുസരണം പ്രവര്‍ത്തിച്ചെന്ന് വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് വൈഫൈ വാങ്ങുന്ന ലാഘവത്തോടെയാണ് ഐ.ടി സെക്രട്ടറി കരാറില്‍ ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് കരാറുമായി മുന്നോട്ടുപോയതെന്നും അതിനാലാണ് നിയമവകുപ്പിന് കാണിക്കാതിരുന്നതെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. കരാറുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളില്‍ ഇന്ത്യയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന ശിവശങ്കറിന്റെ വാദം തെറ്റാണെന്നും അദ്ദേഹത്തെ ഇക്കാര്യത്തില്‍ താന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more