| Tuesday, 9th January 2024, 11:21 am

രാജഗോപാലിന്റെ 'തരൂർ പ്രശംസ' ഉത്കണ്ഠ ഉണ്ടാക്കുന്നതെന്ന് ഇ.പി. ജയരാജൻ; ആലങ്കാരിക പ്രയോഗം മാത്രമെന്ന് ഒ. രാജഗോപാൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ തരൂരിനെ പ്രശംസിച്ചുകൊണ്ട് നടത്തിയ പ്രസ്താവന ഉത്കണ്ഠ ഉണ്ടാക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ.

തരൂരിന് എതിരായി ബി.ജെ.പി മത്സരിക്കില്ല എന്നാണോ രാജഗോപാലിന്റെ പരാമർശത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ബി.ജെ.പി – കോൺഗ്രസ് ഐക്യത്തിന്റെ ആദ്യ ശബ്ദമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം അന്തരിച്ച മാധ്യമപ്രവർത്തകൻ രാമചന്ദ്രന്റെ പേരിലുള്ള പുരസ്കാരം ഡി.കെ. ശിവകുമാർ തരൂരിന് സമ്മാനിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് രാജഗോപാൽ തരൂരിനെ പുകഴ്ത്തി സംസാരിച്ചത്.
ശശി തരൂരിന് തിരുവനന്തപുരത്തുകാരുടെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞെന്നും അതുകൊണ്ടാണ് അദ്ദേഹം അവിടെ വീണ്ടും വീണ്ടും ജയിക്കുന്നത് എന്നുമായിരുന്നു രാജഗോപാൽ പറഞ്ഞത്.

അടുത്തകാലത്ത് മറ്റൊരാൾക്ക് അവസരം ഉണ്ടാകുമോ എന്നത് സംശയമാണെന്നും രാജഗോപാൽ പറഞ്ഞിരുന്നു.

പിന്നാലെ പ്രസംഗത്തിനുശേഷം സീറ്റിലേക്ക് മടങ്ങിയ രാജഗോപാലിനെ തരൂർ കാലിൽതൊട്ട് വന്ദിച്ചു.

പരാമർശം വിവാദമായതിനു പിന്നാലെ ഒരു പാലക്കാട്ടുകാരൻ എന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസംഗത്തിൽ ഉള്ളതെന്ന് ഒ. രാജഗോപാൽ ഫേസ്ബുക്കിൽ വിശദീകരണം നൽകി.

തരൂരിനെ കുറിച്ച് നടത്തിയ പരാമർശം താൻ ഉദ്ദേശിച്ച അർത്ഥത്തിലല്ല മാധ്യമങ്ങൾ വ്യാഖ്യാനിച്ചത് എന്നും ഒന്നിൽ കൂടുതൽ തവണ വിജയിച്ചയാൾ എന്ന അർത്ഥത്തിലാണ് താൻ സംസാരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സാഹചര്യം മാറിയതിനാൽ കഠിനാധ്വാനം ചെയ്താൽ ബി.ജെ.പിക്ക് തിരുവനന്തപുരത്ത് ജയിക്കാനുള്ള സാധ്യതയുണ്ടെന്നും തരൂരിന്റെ മണ്ഡലത്തിലെ സാന്നിധ്യം നാമമാത്രമായതിനാൽ അദ്ദേഹത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും എന്നും രാജഗോപാൽ പറഞ്ഞു.

Content highlight: EP Jayarajan on Rajagopal’s Tharoor praise

Latest Stories

We use cookies to give you the best possible experience. Learn more