| Friday, 27th September 2019, 4:38 pm

നിങ്ങള്‍ പൊളിക്കാനായി പാലം പണിതു; ഞങ്ങള്‍ പാല പുതുക്കി പണിയും: ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സര്‍വമേഖലകളിലും വികസനക്കുതിപ്പ് തുടരുന്ന എല്‍.ഡി.എഫ് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസമാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് മന്ത്രി ഇ.പി ജയരാജന്‍. യു.ഡി.എഫ് പൊളിക്കാനായി പാലം പണിയുമ്പോള്‍ തങ്ങള്‍ പാലാ മണ്ഡലത്തെ പുതുക്കി പണിയാന്‍ പോകുകയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

പാലായിലെ ഇടതുപക്ഷത്തിന്റെ വളര്‍ച്ച പെട്ടെന്നൊരുദിനമുണ്ടായതല്ല. 2001ല്‍ ഉഴവൂര്‍ വിജയനെതിരെ 22,301 വോട്ട് ഭൂരിപക്ഷമായിരുന്നു മാണിക്ക്. 2006ല്‍ 7753 ആയി കുറഞ്ഞു. 2011ല്‍ ഭൂരിപക്ഷം 5259 ആയി. കെ എം മാണി അവസാനം മത്സരിച്ച 2016ല്‍ 4703 ആയി കുറഞ്ഞു. ഇത്തവണ വര്‍ഗീയതക്കെതിരെ മതനിരപേക്ഷ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷം മുന്നോട്ടുവെച്ച വികസന നയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

നാടിന്റെ വികസനമുരടിപ്പാണ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തത്. മണ്ഡലത്തിന്റെ യഥാര്‍ഥ വികസന കാഴ്ചപ്പാടും ജനകീയ പ്രശ്നങ്ങളും ഉയര്‍ത്തി എല്‍.ഡി.എഫ് പ്രചാരണം നടത്തി. റബറിന്റെ നാടായ പാലായെ ദീര്‍ഘകാലം പ്രതിനിധീകരിച്ച പാര്‍ടിക്ക് പത്ത്പേര്‍ക്ക്പോലും തൊഴില്‍ നല്‍കുന്ന, ദീര്‍ഘവീക്ഷണമുള്ള ഒരു പദ്ധതിപോലും കൊണ്ടുവരാനായില്ല. റബറധിഷ്ഠിത വ്യവസായം, കാര്‍ഷിക വിഭവസംസ്‌കരണ-വിപണന കേന്ദ്രം, കാര്‍ഷിക കയറ്റുമതി, ജൈവകൃഷി പ്രോത്സാഹനം, കായിക പരിശീലന കേന്ദ്രം, ടൂറിസം പദ്ധതികള്‍ തുടങ്ങിയവ മുന്നോട്ടുവച്ചാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയം ഭരണവിരുദ്ധ വികാരമെന്ന് വിധിയെഴുതിയവര്‍ക്കുള്ള മറുപടികൂടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ജയരാജന്‍ പറഞ്ഞു.

2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യു.ഡി.എഫിന്റെ ജോസ് ടോമിനെ അട്ടിമറിച്ചാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ വിജയിച്ചിരിക്കുന്നത്.
54137 വോട്ടുകള്‍ മാണി സി.കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ജോസ് ടോമിന് നേടാനായുള്ളൂ. ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more