ഞങ്ങളും മാധ്യമങ്ങളിലൂടെ അങ്ങനെയൊരു വാര്‍ത്ത കേട്ടു, പക്ഷേ സത്യമല്ല; മന്ത്രിസഭാ പുനസംഘടനയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍
കോഴിക്കോട്: മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചില ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളില്‍ മാറ്റമുണ്ടാകുമെന്നത് എല്‍.ഡി.എഫില്‍ തുടക്കം മുതലുള്ള ധാരണയാണെന്നും എന്നാല്‍ അതിന് ഇനിയും സമയമുണ്ടെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു. ഗണേഷ് കുമാര്‍ മന്ത്രിയാകാതിരിക്കാന്‍ തക്ക പ്രശ്‌നങ്ങളുള്ള ആളാണെന്ന ധാരണ എല്‍.ഡി.എഫിനില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.
‘ഞാനും ചില ചാനലുകളില്‍ അത്തരം ഒരു വാര്‍ത്ത കേട്ടു. ഞങ്ങള്‍ക്കാര്‍ക്കും അറിയാത്ത ഒരു വാര്‍ത്തയാണത്. ഇത് സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തയാണ്. ഇടതുപക്ഷ മുന്നണിയോ ഇടതു മുന്നണിയിലെ ഏതെങ്കിലും പാര്‍ട്ടിയോ സി.പി.ഐ.എമ്മോ ആലോചിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാത്ത കാര്യമാണ് ഇപ്പോള്‍ ചില മാധ്യമങ്ങള്‍ ആധികാരികമായി പ്രസിദ്ധീകരിക്കുന്നത്. എങ്ങനെയാണ് അവര്‍ക്ക് ഈ വാര്‍ത്ത കിട്ടിയത്? ഇങ്ങനെ കൃത്രിമമായി വാര്‍ത്ത സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത് ശരിയായ നടപടിയല്ല. ഞങ്ങളാരും ആലോചിച്ചിട്ടില്ലാത്ത ഒരു വാര്‍ത്തയാണ് ഇപ്പോള്‍ മലയാളം മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്.
ഈ മാസം 20ന് ഇടതുമുന്നണി തിരുവനന്തപുരത്ത് യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ 21ന് എല്‍.ഡി.എഫ് രാജ്ഭവന് മുന്നില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇടതുമുന്നണി എല്ലാ പാര്‍ട്ടികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യവും അധികാരവും ഉള്ള ഒരു ഭരണ സംവിധാനമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഒരു അംഗംമാത്രമുള്ള പാര്‍ട്ടികള്‍ക്ക് പോലും അംഗത്വം ലഭിക്കുന്ന തരത്തില്‍ മന്ത്രിസഭ രൂപീകരിച്ചത്. അതില്‍ ചില പാര്‍ട്ടികള്‍ക്ക് ഒരു ഭരണകാലഘട്ടത്തിന്റെ പകുതി സമയമാണ് എന്നുള്ള തീരുമാനവും അന്നെടുത്തിട്ടുള്ളതാണ്. എല്ലാവരെയും പരിഗണിക്കുന്നതിന്റെ ഭാഗമാണത്. നാല് പാര്‍ട്ടികള്‍ക്ക് പകുതി സമയമാണ് എന്ന് പരസ്യമായി പറഞ്ഞ് കൊണ്ടാണ് അധികാരമേറ്റ് പ്രവര്‍ത്തിക്കുന്നത്. അത് എല്‍.ഡി.എഫിന്റെ ധാരണയാണ്. ആ ധാരണക്കനുസരിച്ചാണ് ഇപ്പോള്‍ മുന്നണി പ്രവര്‍ത്തിക്കുന്നത്.
ഞങ്ങളുടെ ധാരണയനുസരിച്ച് ഇന്ന പാര്‍ട്ടികള്‍ ഇത്ര സമയം എന്ന് തീരുമാനമെടുത്തിട്ടുണ്ട്. ആ ധാരണക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. ഗണേഷ് കുമാര്‍ ഒരു മന്ത്രിയാകാതിരിക്കാന്‍ തക്ക പ്രശ്‌നങ്ങളൊന്നും ഞങ്ങളുടെ മുന്നിലില്ല. സോളാര്‍ കേസില്‍ കോണ്‍ഗ്രസ് തന്നെ ഒരു വിഭാഗം അന്വേഷണം വേണ്ട എന്ന് പറയുന്നവരാണ്. സി.ബി.ഐ റിപ്പോര്‍ട്ട് അനുസരിച്ചാണ് അന്വേഷണം വേണ്ടതെങ്കില്‍ റിപ്പോര്‍ട്ടിന്റെ കോപ്പിയും നിങ്ങളുടെ ആവശ്യവും കാണിച്ചൊരു കത്ത് തന്നാല്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. അങ്ങനെയൊരു കത്ത് കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി.
മന്ത്രിസഭ പുനസംഘടയുടെ ഒരു കാര്യവും ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഞങ്ങള്‍ നേരത്തെ തീരുമാനിച്ച ധാരണയുമായി മുന്നോട്ട് പോകുകയാണ്. ലോകസഭ തെരഞ്ഞെടുപ്പ്, ഇടതു സര്‍ക്കാറിന്റെ നയങ്ങള്‍, കേരളത്തിന്റെ വികസനോന്മുഖമായ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നീ ലക്ഷ്യങ്ങള്‍ക്കാണ് 20ന് യോഗം ചേരുന്നത്,’ ഇ.പി.ജയരാജന്‍ പറഞ്ഞു.
സ്പീക്കറെ മാറ്റുമോ എന്ന ചോദ്യങ്ങള്‍ക്കും ഇ.പി. ജയരാജന്‍ മറുപടി പറഞ്ഞു.’ ഇപ്പോ എവിടുന്നാണ് ഇങ്ങനെയൊരു വാര്‍ത്ത വരുന്നത്. അദ്ദേഹം സ്പീക്കറായിട്ട് ഒരു വര്‍ഷമല്ലേ ആയിട്ടുള്ളൂ. എവിടുന്നാണ് ഇങ്ങനെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതൊരു ശരിയായ പത്രപ്രവര്‍ത്തനമായിട്ട് എനിക്ക് തോന്നുന്നില്ല,’ ഇ.പി.ജയരാജന്‍ പറഞ്ഞു
അതേസമയം പുനസംഘടനുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് എ.എന്‍ ഷസീറും ആന്റണി രാജുവും വ്യക്തമാക്കി.
content highlights: EP Jayarajan on cabinet reshuffle news.