തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പെട്രോള്‍ ഉള്ളത് പോലെയാണ് കേരളത്തിന് കരിമണലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ആലപ്പാട്ടെ സമരത്തിന് പിന്നില്‍ ബാഹ്യശക്തികളാണ്. ഖനനം സംബന്ധിച്ച് ഒരു പരാതിയും സര്‍ക്കാറിനു മുന്നില്‍ ഇതുവരെ എത്തിയിട്ടില്ല. ആലപ്പാട്ടെ ജനങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. നിയമസഭയിലാണ് ഇ.പി ജയരാജന്റെ പ്രതികരണം.
ആലപ്പാട്ടെ ഖനനം നിര്‍ത്തിവെക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതി പറഞ്ഞിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമല്ലാത്ത രീതിയില്‍ ഖനനം തുടരാമെന്നാണ് സമരസമിതി വ്യക്തമാക്കിയിരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.
ആലപ്പാട്ടെ ജനങ്ങളുടെ ജീവന് ഭീഷണിയായി തുടരുന്ന അശാസ്ത്രീയ ഖനനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എ പി.ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.