കണ്ണൂര്‍: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ബി.ജെ.പിയില്‍ ചേരുന്നതിന് വേണ്ടി ഇ.പി. ജയരാജന്‍ ദല്‍ഹിയില്‍ പോയെന്ന പ്രസ്താവനയിലാണ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് രജിസ്റ്റര്‍ ചെയ്തത്.
കണ്ണൂര്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇ.പി. ജയരാജനെതിരെ ശോഭ സുരന്ദ്രേന്‍ പ്രസ്താവന നടത്തിയത്. തനിക്കൊപ്പമാണ് ഇ.പി. ജയരാജന്‍ ദല്‍ഹിയില്‍ വന്നതെന്നും എന്നാല്‍ ഒരു ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ പിന്നീടാകാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി എന്നുമാണ് ശോഭ സുരേന്ദ്രന്‍ ആരോപിച്ചത്.
ആരോപണത്തിന് പിന്നാലെ ശോഭ സുരേന്ദ്രന് ഇ.പി. ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉടന്‍ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
നഷ്ടപരിഹാരമായി രണ്ട് കോടി രൂപ നല്‍കണമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. തന്നെയും പാര്‍ട്ടിയെയും മാധ്യമങ്ങളിലൂടെ അപമാനിക്കുകയാണ് ശോഭ സുരേന്ദ്രന്‍ ചെയ്തതെന്ന് ഇ.പി. ജയരാജന്‍ ആരോപിച്ചു.
ശോഭ സുരേന്ദ്രനെതിരെ ടി.ജി. നന്ദകുമാര്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. ഇ.പിക്ക് ബി.ജെ.പിയില്‍ ചേരാന്‍ വേണ്ടി ടി.ജി. നന്ദകുമാര്‍ തന്നെ വന്ന് കണ്ടു എന്നാണ് ശോഭ സുരേന്ദ്രന്‍ ആരോപിച്ചത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉണ്ടായ വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സൗഹൃദങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. ഇ.പി. ജയരാജന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞിരുന്നു
Content Highlight: EP Jayarajan filed defamation case against Shobha Surendran