| Monday, 26th August 2019, 8:15 pm

ബ്രസീല്‍ വിഷയത്തെ നിസ്സാരവല്‍ക്കരിച്ചു; ആമസോണിന് വേണ്ടി ഉണരണമെന്നും ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണ്‍ മഴക്കാടുകള്‍ കത്തിമയരുമ്പോള്‍ ബ്രസീല്‍ വിഷയത്തെ നിസ്സാരവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും ബ്രസീലിയന്‍ പ്രസിഡണ്ടിന്റെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി ഇ.പി ജയരാജന്‍.

ബൊളീവിയ പോലുള്ള രാജ്യങ്ങള്‍ എയര്‍ ടാങ്കറുകളില്‍ ജലംവര്‍ഷിച്ചു തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ ബ്രസീല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയായിരുന്നു. ബോള്‍സനാരോയുടെ നയങ്ങളാണ് ദുരന്തത്തിന് കാരണമെന്ന് പരിസ്ഥിതി സംഘടനകള്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ലോകമെങ്ങും പ്രതിഷേധം വ്യാപകമായതോടെയാണ് ബ്രസീല്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചതെന്നും ഇ.പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പത്തുലക്ഷത്തോളം ഗോത്രജനവിഭാഗം അധിവസിക്കുന്ന ആമസോണ്‍ മേഖല മൂന്ന് ലക്ഷത്തിലധികം ഇനം സസ്യമൃഗാദികളുടെ ആവാസകേന്ദ്രം കൂടിയാണെന്നും ലോകത്തിന്റെ നിലനില്‍പ്പിനായി 20 % ഓക്‌സിജന്‍ നല്‍കുന്ന ആമസോണിന് വേണ്ടി ലോകം ഉണരണമെന്നും ഇ.പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആമസോണ്‍ വനാന്തരങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടു തീ നിയന്ത്രിക്കാത്തതിനാല്‍ ദല്‍ഹിയിലെ ബ്രസീല്‍ എംബസിക്ക് മുന്നില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ വി.ടി ബല്‍റാം രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ‘ചില ഒറ്റബുദ്ധികള്‍ പ്രകടനത്തെ പരിഹസിച്ച് രംഗത്ത് വന്നത് തികച്ചും അപലപനീയമാണെന്നും സ്വയം അപഹാസ്യരാകുന്ന നടപടിയാണ് ഇത്തരക്കാര്‍ കൈക്കൊള്ളുന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്തി സാമൂഹ്യ വിഷയങ്ങളില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇ.പി ജയരാജന്‍ വിമര്‍ശിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതുവേ തണുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് ആമസോണ്‍ കാടുകളില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വരണ്ട കാലാവസ്ഥയുമുണ്ടാകാറുണ്ട്. ഇതിന്റെ ഫലമായി കാട്ടുതീ ഉണ്ടാകാറുണ്ട്. എന്നാല്‍ കൂടുതലും മനുഷ്യനിര്‍മ്മിതമായ കാട്ടുതീയാണ് ആമസോണ്‍ കാടുകളെ നശിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരുന്ന വാർത്തയാണ് കുറച്ചു ദിവസമായി കേൾക്കുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകളോളം വിസ്‍തൃതിയിൽ വനഭൂമി കത്തിനശിച്ചു. ലോകരാജ്യങ്ങൾ ആശങ്കയോടെയാണ് ഈ ദുരന്തത്തെ കാണുന്നത്. പത്തുലക്ഷത്തോളം ഗോത്രജനവിഭാഗം അധിവസിക്കുന്ന ആമസോണ്‍ മേഖല മൂന്ന്‌ ലക്ഷത്തിലധികം ഇനം സസ്യമൃഗാദികളുടെ ആവാസകേന്ദ്രം കൂടിയാണ്‌.

വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ആമസോണിനെ രക്ഷിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്. അതേസമയം ഇത് ബ്രസീലിന്‍റെ ആഭ്യന്തര വിഷയം മാത്രമാണെന്ന നിലപാട് സ്വീകരിച്ച് വിഷയത്തെ നിസാരവത്ക്കരിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയ്ർ ബൊൽസൊനരൊയുടെ നടപടി തികച്ചും പ്രതിഷേധാർഹമാണ്. ബൊളീവിയ പോലുള്ള രാജ്യങ്ങൾ എയര്‍ ടാങ്കറുകളില്‍ ജലംവര്‍ഷിച്ചു തീകെടുത്താൻ ശ്രമിക്കുമ്പോൾ ബ്രസീൽ സർക്കാർ ഒന്നും ചെയ്യാതെ നോക്കി നിൽക്കുകയായിരുന്നു. ബോൾസനാരോയുടെ നയങ്ങളാണ്‌ ദുരന്തത്തിന്‌ കാരണമെന്ന്‌ പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ലോകമെങ്ങും പ്രതിഷേധം വ്യാപകമായതോടെയാണ് ബ്രസീൽ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചത്.

ഇന്ത്യയിലും ബ്രസീലിനെതിരെ സമാനമായ പ്രതിഷേധങ്ങൾ ഉയർന്നു. ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം നടത്തിയപ്പോൾ ചില ഒറ്റബുദ്ധികൾ അതിനെ പരിഹസിച്ച് രംഗത്ത് വന്നത് തികച്ചും അപലപനീയമാണ്. സ്വയം അപഹാസ്യരാകുന്ന നടപടിയാണ് ഇത്തരക്കാർ കൈക്കൊള്ളുന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്തി സാമൂഹ്യ വിഷയങ്ങളിൽ നാം ഒറ്റക്കെട്ടായി നിൽക്കണം. ലോകത്തിന്റെ നിലനില്പിനായി 20% ഓക്സിജൻ സംഭാവന നൽക്കുന്ന ആമസോണിന് വേണ്ടി ലോകം ഉണരണം.

Latest Stories

We use cookies to give you the best possible experience. Learn more