| Saturday, 17th April 2021, 2:17 pm

ഒന്നല്ല, 1000 വിവേകുമാര്‍ ഉണ്ടാകേണ്ട സമയമാണിത്; വിവേകിനെ ഓര്‍മിച്ച് ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അന്തരിച്ച തമിഴ് നടന്‍ വിവേകിനെ ഓര്‍മിച്ച് മന്ത്രി ഇ.പി ജയരാജന്‍. തമിഴ് സമൂഹത്തില്‍ ഹാസ്യ കഥാപാത്രങ്ങള്‍ക്കുള്ള സ്വാധീനം മനസ്സിലാക്കി തന്റെ കഥാപാത്രങ്ങളിലൂടെ പെണ്‍ ഭ്രൂണഹത്യയ്ക്കെതിരെയും പെണ്‍കുട്ടികളുടെ തുല്യാവകാശത്തെപ്പറ്റിയും കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സംസാരിച്ച വ്യക്തിയാണ് വിവേകെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. ഒന്നല്ല, 1000 വിവേകുമാര്‍ ഉണ്ടാകേണ്ട സമയമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

‘1000 പെരിയാര്‍ വന്താലും ഉങ്കളെയെല്ലാം തിരുത്ത മുടിയാത് ഡാ’ എന്ന വിവേകിന്റെ പ്രസിദ്ധമായ ഡയലോഗ്, ആധുനിക സമൂഹത്തെയും കാര്‍ന്നു തിന്നുന്ന ജാതി ചിന്തകളുടെയും അന്ധവിശ്വാസങ്ങളുടെയും മുഖത്തേറ്റ അടിയായിരുന്നു’, ജയരാജന്‍ പറഞ്ഞു.

വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഏകോപിപ്പിച്ച് തമിഴകത്തില്‍ ഒരു കോടി മരം നാട്ടു വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത് വിവേകിന്റെ പ്രേരണയാലായിരുന്നെന്നും ജയരാജന്‍ ഓര്‍ത്തെടുത്തു. കൊവിഡ് വാക്സിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെയെത്തി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രബോധം വളര്‍ത്താനും സമൂഹനന്മയ്ക്കായും കൂടുതല്‍ പേര്‍ സംസാരിക്കേണ്ട സമയമാണിതെന്നും ജയരാജന്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു വിവേക് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

ചെന്നൈയിലെ സിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. വിവേകിന്റെ ഇടത് കൊറോണറി ആര്‍ട്ടറിയില്‍ നൂറ് ശതമാനം ബ്ലോക്ക് കണ്ടെത്തിയിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വിവേകിന് അടിയന്തര കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകയും സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

തമിഴ് കോമഡി താരങ്ങളില്‍ ശ്രദ്ധേയനായ വിവേക് സാമി, ശിവാജി, അന്യന്‍ തുടങ്ങി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. നാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി. രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മലയാളികള്‍ക്കിടയിലും വിവേകിന് ആരാധകരേറെയാണ്.

ഇ.പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ്

‘1000 പെരിയാര്‍ വന്താലും ഉങ്കളെയെല്ലാം തിരുത്ത മുടിയാത് ഡാ.’
ആധുനിക സമൂഹത്തെയും കാര്‍ന്നു തിന്നുന്ന ജാതി ചിന്തകളുടെയും അന്ധവിശ്വാസങ്ങളുടെയും മുഖത്തേറ്റ അടിയായിരുന്നു അന്തരിച്ച തമിഴ് നടന്‍ വിവേകിന്റെ പ്രസിദ്ധമായ ആ ഡയലോഗ്.

തമിഴ് സമൂഹത്തില്‍ ഹാസ്യ കഥാപാത്രങ്ങള്‍ക്ക് സൃഷ്ടിക്കാനാകുന്ന സ്വാധീനം വ്യക്തമായി മനസ്സിലാക്കി തന്റെ കഥാപാത്രങ്ങളിലൂടെ പെണ്‍ ഭ്രൂണഹത്യയ്ക്കെതിരെയും പെണ്‍കുട്ടികളുടെ തുല്യാവകാശത്തെപ്പറ്റിയും കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു അയാള്‍.

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ആരാധകനായിരുന്നു.

അദ്ദേഹത്തിന്റെ പ്രേരണയാല്‍, വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഏകോപിപ്പിച്ച് തമിഴകത്തില്‍ ഒരു കോടി മരം നാട്ടു വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു. ഏറ്റവുമൊടുവില്‍, കൊവിഡ് വാക്സിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെയെത്തി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

തമിഴ്നാട് സര്‍ക്കാര്‍ വ്യാഴാഴ്ച അദ്ദേഹത്തെ പൊതുജനാരോഗ്യ അംബാസ്സഡറായി പ്രഖ്യാപിച്ചിരുന്നു.
ലോകത്ത് 30 ലക്ഷം പേരെ കൊന്ന മഹാമാരിയെ ചെറുക്കാന്‍ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. ശാസ്ത്രബോധം വളര്‍ത്താനും സമൂഹനന്മയ്ക്കായും കൂടുതല്‍ പേര്‍ സംസാരിക്കേണ്ട സമയം. ഒന്നല്ല, 1000 വിവേകുമാര്‍ ഉണ്ടാകേണ്ട സമയം. പ്രിയ കലാകാരന് വിട.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: EP Jayarajan facebook post about actor Vivek

We use cookies to give you the best possible experience. Learn more