| Thursday, 23rd June 2016, 12:15 pm

കായിക താരങ്ങള്‍ മെഡല്‍ നേടിയതുകൊണ്ടുമാത്രമായില്ല: അഞ്ജു ബോബി ജോര്‍ജിന് പരോക്ഷ വിമര്‍ശനവുമായി ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്നലെ രാജിവെച്ച സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശനവുമായി കായികമന്ത്രി ജയരാജന്റെ പ്രസംഗം.

അഞ്ജു പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ലായിരുന്നെങ്കില്‍ ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന ഒളിമ്പിക് ദിനാഘോഷ വേദിയിലാണ് മന്ത്രി പരോക്ഷ പരാമര്‍ശവുമായി എത്തിയത്.

ദേശീയ അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ നേടുക മാത്രമല്ല കായികതാരങ്ങളുടെ ലക്ഷ്യം. എന്നാലിപ്പോള്‍ മെഡല്‍വേട്ട മാത്രമാണ് പലരുടെയും ലക്ഷ്യം.

മത്സരങ്ങളില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ നേടുന്നതു മാത്രമായി കേരളത്തിന്റെ കായിക രംഗം ചുരുങ്ങിയെന്നും കായിക മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കായികരംഗം ജനകീയവല്‍കരിക്കും. അവശരായ കായിക താരങ്ങള്‍ക്ക് സഹായം ലഭ്യമാക്കും.

കായിക പ്രതിഭകളെ സൃഷ്ടിക്കാനുള്ള മികച്ച കേന്ദ്രങ്ങളും സാഹചര്യങ്ങളും സംസ്ഥാനത്ത് ആവിഷ്‌ക്കരിക്കും. ഗ്രാമീണ തലം മുതല്‍ കായിക പരിശീലനത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംസ്ഥാന കായികയുവജന മന്ത്രാലയം സംയുക്തമായി സംഘടിപ്പിച്ച കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

രാവിലെ 7.45 ന് കവടിയാര്‍ ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ കൂട്ടയോട്ടം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അധ്യക്ഷത വഹിച്ചു. കൂട്ടയോട്ടത്തില്‍ കായിക താരങ്ങള്‍, കാര്യവട്ടം എല്‍എന്‍സിപിയിലെ കായിക വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, പാങ്ങോട് മിലിറ്റിറി ക്യാമ്പിലെ സൈനികര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more