| Tuesday, 31st May 2022, 1:13 pm

അബ്ദുള്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിപക്ഷ നേതാവ് അസ്വസ്ഥനാണ്: ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍.

അബ്ദുള്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തതോടുകൂടി വി.ഡി. സതീശന്‍ വല്ലാതെ ഭയപ്പെടുകയാണെന്ന് ജയരാജന്‍ പറഞ്ഞു.

‘പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞത് അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് എല്‍.ഡി.എഫ് ആണെന്നാണ്, ഇപ്പോള്‍ കേസിലെ മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്തുകഴിഞ്ഞു. അബ്ദുള്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തതോടുകൂടി അദ്ദേഹം വല്ലാതെ അസ്വസ്ഥനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ ആത്മവിശ്വാസവും കരുത്തും ഇപ്പോള്‍ ഉണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി വി.ഡി. സതീശനും രംഗത്തെത്തി. വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട അറസ്റ്റുണ്ടായതും പ്രതിക്ക് യു.ഡി.എഫ് ബന്ധമെന്ന ആരോപണവും പൊലീസും സി.പി.ഐ.എമ്മും ചേര്‍ന്നുള്ള നാടകമാണെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു.

തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫുമായി ബന്ധപ്പെട്ട വ്യാജ നിര്‍മിതിക്ക് പിന്നില്‍ സി.പി.ഐ.എം ആണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ജോ ജോസഫിനെതിരായ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്ത കേസില്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പൊലീസ് പിടിയിലായത്.

കോയമ്പത്തൂരില്‍ നിന്ന് കൊച്ചി പൊലീസ് പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജ അക്കൗണ്ടിലൂടെയാണ് അബ്ദുള്‍ ലത്തീഫ് വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പൊലീസ് പറയുന്നു.

വ്യാജ വീഡിയോ കേസില്‍ തൃക്കാക്കര സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുന്‍ എം.എല്‍.എ എം. സ്വരാജ് നല്‍കിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.

Content Highlights: EP Jayarajan against VD Satheesan about Thrikkakkara Left candidate  Joe Joseph  in fake video case

We use cookies to give you the best possible experience. Learn more