| Tuesday, 30th March 2021, 1:01 pm

പിണറായിയുടെ മുന്നില്‍ ഞങ്ങളൊന്നും ഒന്നുമല്ല; അദ്ദേഹത്തിനടുത്തെത്താന്‍ സാധിച്ചാല്‍ ഞാന്‍ മഹാപുണ്യവാനായി : ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക കഴിവും ശക്തിയും ഊര്‍ജ്ജവും ഉള്ള ഒരു മഹാമനുഷ്യനാണെന്ന് മന്ത്രി ഇ.പി ജയരാജന്‍.

തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയെ കുറിച്ചുള്ള ചോദ്യത്തിന് ഇ.പി ഇത്തരത്തില്‍ പ്രതികരിച്ചത്.

പ്രായമായതുകൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുകയാണെന്ന് ഇ.പി പറഞ്ഞപ്പോള്‍ പിണറായി വിജയനും അതേ പ്രായമായില്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോഴായിരുന്നു ഇ.പിയുടെ മറുപടി.

‘അദ്ദേഹം ആരാണ് അദ്ദേഹം പ്രത്യേക കഴിവും ശക്തിയും ഊര്‍ജ്ജവും ഉള്ള ഒരു മഹാമനുഷ്യനാണെന്നായിരുന്നു ഇ.പിയുടെ മറുപടി. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ സാധിച്ചാല്‍ താന്‍ മഹാപുണ്യവാനായി തീരും. അദ്ദേഹം ആകാന്‍ കഴിയുന്നില്ലല്ലോ എന്നതാണ് തന്റെ ദു:ഖം. ഇ.പി പറഞ്ഞു.

സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണോ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നത്, അതൃപ്തി പുറത്തുപറയുകയാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും ഇ.പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞാലും മത്സരിക്കാനില്ലെന്നും അസൗകര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും ഇ.പി പറഞ്ഞു.

‘ഇനി ഞാന്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. ഞാന്‍ മൂന്ന് ടേമില്‍ എം.എല്‍.എയായി. ഞാനൊരു മന്ത്രിയായി. എന്റെ സംശുദ്ധത ജനങ്ങളെ അറിയിക്കണമെന്നുണ്ടായിരുന്നു. അത് അറിയിച്ചു കഴിഞ്ഞു. ഇനി അതിന് അപ്പുറത്തേക്ക് ഞാന്‍ ഉദ്ദേശിക്കുന്നില്ല.

എന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്നാണ് തോന്നുന്നത്. എനിക്കൊക്കെ പ്രായമായി. ഈ കാണുന്നതൊന്നുമല്ല. രോഗമൊക്കെ വന്നു. ഇന്നത്തെ നിലയില്‍ കൂടുതല്‍ ജനസേവനങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലുമൊന്നും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപരമായിട്ടുള്ള സാധ്യത കുറഞ്ഞുവരികയാണ്. നിങ്ങള്‍ കാണുന്ന പ്രായമൊന്നുമല്ല എനിക്ക്. 70 വയസ് എന്നത് ഒരു പ്രായം തന്നെയാണ്’, എന്നായിരുന്നു മന്ത്രി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: EP Jayarajan About Pinarayi Vijayan

We use cookies to give you the best possible experience. Learn more