ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 237 റണ്‍സിന് പുറത്തായിരുന്നു. ജോ റൂട്ട് അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊന്നും മികച്ച രീതിയില്‍ ബാറ്റ് വീശാന്‍ സാധിക്കാതെ പോയെതോടെയാണ് ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടാന്‍ സാധിക്കാതെ പോയത്.
ബെന്‍ സ്‌റ്റോക്‌സിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ വന്‍ വീഴ്ചയില്‍ നിന്നും കരകയറ്റിയത്. 108 പന്ത് നേരിട്ട് 80 റണ്‍സ് നേടിയാണ് സ്റ്റോക്‌സി കളം വിട്ടത്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് ഇംഗ്ലണ്ട് നിരയെ ഒന്നാകെ വരിഞ്ഞുമുറുക്കിയത്. ആറ് വിക്കറ്റാണ് മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ കങ്കാരുപ്പടയുടെ നായകന്‍ സ്വന്തമാക്കിയത്.
ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ വീഴ്ത്തിയാണ് പാറ്റ് കമ്മിന്‍സ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. ആറ് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ ഡക്കറ്റിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലെത്തിച്ചാണ് കമ്മിന്‍സ് മടക്കിയത്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക
കമ്മിന്‍സിന്റെ പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ച ഡക്കറ്റിന് പിഴയ്ക്കുകയായിരുന്നു. ഉയര്‍ന്നുചാടി തകര്‍പ്പന്‍ ക്യാച്ചിലൂടെ പന്ത് കൈപ്പിടിയിലൊതുക്കിയ കാരി ഡക്കറ്റിന് പവലിയനിലേക്കുള്ള വഴി കാണിച്ചുകൊടുത്തു.
ഡക്കറ്റിനെ പുറത്താക്കിയ ക്യാച്ചും ആ ക്യാച്ചെടുത്തപ്പോഴുള്ള കമന്ററിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് കമന്ററി ബോക്‌സില്‍ ചിരി പടര്‍ത്തിയത്.
ക്യാച്ചെടുത്ത് പൂര്‍ത്തിയാക്കുന്നതിനിടെ പന്ത് കാരിയുടെ കയ്യില്‍ നിന്നും വഴുതിപ്പോകാന്‍ തുടങ്ങിയപ്പോള്‍ ചുണ്ടിനോട് ചേര്‍ത്താണ് താരം ആ ക്യാച്ചെടുത്ത് പൂര്‍ത്തിയാക്കിയത്. ഇത് കണ്ട മോര്‍ഗന്‍ ‘തീര്‍ച്ചയായും അതൊരു ചുംബനമാണ്, ബിഹേവ് യുവര്‍സെല്‍ഫ് കാരി’ എന്നാണ് കമന്ററി ബോക്‌സിലിരുന്ന് പറഞ്ഞത്. മോര്‍ഗന്റെ വാക്കുകള്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് ചിരിക്ക് വഴിയൊരുക്കിയിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. വാര്‍ണറും ഖവാജയും ലബുഷാനുമെല്ലാം സ്‌കോര്‍ ബോര്‍ഡില്‍ വലിയ തോതിലുള്ള ചലനങ്ങള്‍ സൃഷ്ടിക്കാതെ കടന്നുപോയി. വാര്‍ണര്‍ നാലും ഖവാജ 13 റണ്‍സും നേടിയപ്പോള്‍ ലബുഷാന്‍ 21 റണ്‍സാണ് നേടിയത്. 22 റണ്‍സ് മാത്രം നേടിയ സ്മിത്തും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.
എന്നാല്‍ സെഞ്ച്വറി തികച്ച മിച്ചല്‍ മാര്‍ഷിന്റെ ഇന്നിങ്‌സ് കങ്കാരുക്കള്‍ക്ക് തുണയാവുകയായിരുന്നു. 118 പന്തില്‍ നിന്നും 118 റണ്‍സാണ് താരം നേടിയത്. മാര്‍ഷിന്റെ കരുത്തില്‍ 263 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ ഓസീസ് നേടിയത്.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 237 റണ്‍സിന് എറിഞ്ഞിട്ട് 26 റണ്‍സ് ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. നിലവില്‍ 47 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 116 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. സ്മിത്തിന്റെയും ലബുഷാന്റെയും വിക്കറ്റിന് പുറമെ ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ എന്നിവരെയുമാണ് കങ്കാരുക്കള്‍ക്ക് നഷ്ടമായത്.