ഇംഗ്ലണ്ട് ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ഓയിന്‍ മോര്‍ഗന്‍ തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വൈറ്റ് ബോള്‍ ടീമിന്റെ നായകനായിരിക്കെയാണ് താരം ക്രിക്കറ്റിനോട് വിടപറയുന്നത്.
പ്രമുഖ മാധ്യമമായ ദി ഗാര്‍ഡിയനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മോര്‍ഗന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലറായിരിക്കും ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നെതര്‍ലന്‍ഡ്‌സിനെതിരായ പരമ്പരയിലെ ഒരു മത്സരത്തില്‍ നിന്നും മോര്‍ഗന്‍ വിട്ടുനിന്നപ്പോള്‍ ബട്‌ലറായിരുന്നു ക്യാപ്റ്റന്റെ റോള്‍ ഏറ്റെടുത്തത്.
കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി താരത്തിന് തന്റെ ഫോം വീണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. നെതര്‍ലന്‍ഡ്‌സിനെതിരെ നടന്ന പരമ്പരയിലും സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ മോര്‍ഗനായിരുന്നില്ല. ഐ.പി.എല്‍ 2022യിലും താരം അണ്‍സോള്‍ഡാവുകയായിരുന്നു.
കഴിഞ്ഞ 28 അന്താരാഷ്ട്ര മത്സരത്തില്‍ നിന്നും രണ്ട് അര്‍ധസെഞ്ച്വറി മാത്രമാണ് താരത്തിന് നേടാനായത്.
‘ഞാന്‍ മികച്ചവനല്ല എന്നെനിക്ക് തോന്നിയാല്‍, ടീമിന് ഗുണമുണ്ടാക്കുന്ന രീതിയിലുള്ള പ്രകടനം എന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല എന്നെനിക്ക് തോന്നിയാല്‍ ഞാന്‍ വിരമിക്കും,’ എന്നായിരുന്നു നെതര്‍ലന്‍ഡ്‌സിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി താരം പറഞ്ഞത്. സ്‌കൈ സ്‌പോര്‍ട്‌സിനോടായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
ക്രിക്കറ്റിന്റെ ജന്മഭൂമിയായ ഇംഗ്ലണ്ടിന് ഒരിക്കല്‍ പോലും ക്രിക്കറ്റ് ലോകകപ്പ് നേടാന്‍ സാധിച്ചില്ല എന്ന ചീത്തപ്പേര് മാറ്റിയെടുത്ത ക്യാപ്റ്റനായിരുന്നു ഓയിന്‍ മോര്‍ഗന്‍. 2019ല്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്‍മാരായപ്പോള്‍ മോര്‍ഗനായിരുന്നു ടീമിന്റെ കപ്പിത്താന്‍.
2015ല്‍ ഇംഗ്ലണ്ട് ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു മോര്‍ഗന് ക്യാപ്റ്റന്‍സിയുടെ ഭാരം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഇംഗ്ലണ്ടിനെ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിച്ചാണ് താരം ഇപ്പോള്‍ പടിയിറങ്ങുന്നത്.
ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബാറ്ററായിരുന്ന മോര്‍ഗന്‍, 10,859 അന്താരാഷ്ട്ര റണ്‍സും ടീമിനായി നേടിയിട്ടുണ്ട്.