ഐ.സി.സി ടി-20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന കുട്ടി ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീം ഏതാണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍.
ലോകകപ്പ് ടൂര്‍ണമെന്റിൽ പരിക്കുകള്‍ വന്നാല്‍ പോലും ഏറ്റവും ശക്തമായ ടീം ഇന്ത്യ ആണെന്നാണ് മോര്‍ഗന്‍ പറഞ്ഞത്. മുന്‍ താരങ്ങളായ നാസര്‍ ഹുസൈന്‍ മൈക്കല്‍ ആതര്‍ട്ടണ്‍ എന്നിവരോടൊപ്പം നടന്ന ചര്‍ച്ചയിലാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ തന്റെ അഭിപ്രായം പറഞ്ഞത്.
‘എന്നെ സംബന്ധിച്ചിടത്തോളം ടൂര്‍ണമെന്റിലുടനീളം പരിക്കുകള്‍ സംഭവിച്ചാലും ഏറ്റവും മികച്ച ടീം ഇന്ത്യയാണ്. അവരുടെ ശക്തിയും ടീമിന്റെ പ്രകടനങ്ങളും വളരെയധികം മികച്ചതും അവിശ്വസനീയമാണ്. അതുകൊണ്ട് ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും ഫേവറേറ്റുകള്‍ ആയിട്ടുള്ളത് ഇന്ത്യയാണ്. കടലാസിലെ കരുത്ത് ഗ്രൗണ്ടില്‍ നടപ്പാക്കാന്‍ അവര്‍ക്ക് സാധിച്ചാല്‍ ടൂര്‍ണമെന്റിലെ എല്ലാ ടീമിനെയും തോല്‍പ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും എന്ന് ഞാന്‍ കരുതുന്നു,’ മോര്‍ഗന്‍ പറഞ്ഞു.
2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനു മുന്നോടിയായി മത്സരത്തില്‍ ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെയും ഇന്ത്യ നേരിടും.