ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്.
ഐ.പി.എല്ലിലേയും അന്താരാഷ്ട്ര പ്രടനനങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇന്ത്യ ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. എന്നാല്‍ ടീമിലെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന് പകരം ശുഭ്മന്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താനാണ് മുന്‍ ഇംഗ്ലണ്ട്, കൊല്‍ക്കത്ത താരം ഇയോണ്‍ മോര്‍ഗന്‍ പറഞ്ഞത്. ജെയ്‌സ്വാളിനേക്കാളും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുക ഗില്ലിനാണെന്നാണ് മോര്‍ഗന്‍ അവകാശപ്പെട്ടത്.
‘യശസ്വി ജെയ്‌സ്വാളിന് മുകളിലാണ് ഗില്‍ എന്ന് കരുതുന്നു. ഞാന്‍ ഗില്ലിനൊപ്പം കളിച്ചിട്ടുണ്ട്, അവന്‍ എങ്ങനെ ഒരു ഗെയിമിനായി തയ്യാറെടുക്കുന്നുവെന്നും അവന്റെ ചിന്താ പ്രക്രിയയെക്കുറിച്ചും എനിക്കറിയാം. അവന്‍ ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ ആണ്, വലിയ മത്സരങ്ങളിലെ സമ്മര്‍ദസാഹചര്യങ്ങളില്‍ സഹായകമാകുന്ന ഇത്തരം താരങ്ങളെ നിങ്ങള്‍ക്ക് യൂണിറ്റില്‍ ആവശ്യമുണ്ട്. അദ്ദേഹത്തെ ബെഞ്ചില്‍ ഇരുത്തിയാലും മറ്റുള്ളവരെ പ്രചോദനമാകാന്‍ അദ്ദേഹത്തിന്റെ പേര് മാത്രം മതിയായിരുന്നു,’ ഇയോണ്‍ മോര്‍ഗന്‍ സ്‌കൈ സ്പോര്‍ട്സില്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി ഒരു സെഞ്ച്വറി നേടിയെങ്കിലും താരത്തിന് കാര്യമായി ടീമിനെ സഹായിക്കാന്‍ സാധിച്ചില്ലായിരുന്നു. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനാണ് ശുഭമന്‍ ഗില്‍. എന്നാല്‍ ക്യാപ്റ്റനായി അരങ്ങേറിയ ഗില്ലിന് ടീമിനെ പ്ലേ ഓഫില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല.
നിലവില്‍ ടി-20 ലോകകപ്പിന്റെ നുന്നൊരുക്കത്തിനായി ഇന്ത്യന്‍ ടീമിലെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെതിരായ സൗഹൃദ മത്സരത്തില്‍ വിരാട് കളിക്കില്ല. താരം നേരത്തെ ബി.സി.സി.ഐയോട് വിശ്രമത്തിന് ആവിശ്യപ്പെട്ടിരുന്നു.
ടി-20 ലോകകപ്പിനുള്ള ഇന്ത്യന് സ്‌ക്വാഡ്
രോഹിത് ശര്മ (ക്യാപ്റ്റന്), ഹാര്ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്), യശസ്വി ജെയ്‌സ്വാള്, വിരാട് കോഹ്ലി, സൂര്യകുമാര് യാദവ്, റിഷഭ് പന്ത് ( വിക്കറ്റ് കീപ്പര്), സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര് പട്ടേല്, കുല്ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല് , അര്ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ട്രാവലിങ് റിസര്വ് താരങ്ങള്
ശുഭ്മന് ഗില്, റിങ്കു സിങ്, ഖലീല് അഹമ്മദ്, ആവേശ് ഖാന്.
Content Highlight: Eoin Morgan Talking About Shubhman Gill