അടുത്തിടെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 241 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കും ജോ റൂട്ടും സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. റെഡ് ബോളില്‍ വിജയക്കുതിപ്പ് നടത്തുന്നുണ്ടങ്കിലും ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അത്ര നല്ല കാര്യങ്ങളല്ല നടക്കുന്നത്.
സമീപ കാലത്ത് ഇംഗ്ലണ്ടിന്റെ വൈറ്റ് ബോളില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 2023 ഏകദിന ലോകകപ്പിലും 2024 ടി-20 ലോകകപ്പിലും ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടം പോലും കടന്നില്ലായിരുന്നു. ടീമിന്റെ വൈറ്റ് ബോള്‍ കോച്ചായ മാത്യു മോട്ടിനെ മാറ്റണമെന്ന് പലരും പറഞ്ഞിരുന്നു.
ഇതോടെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗണ്‍ ഇംഗ്ലണ്ടിന്റെ പുതിയ വൈറ്റ് ബോള്‍ കോച്ചായി വരുമെന്ന് റൂമറുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ സംഭവത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മോര്‍ഗണ്‍. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നിഷേധിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുന്‍ താരം.
‘കഴിഞ്ഞ രണ്ട് മാസങ്ങളായി, ഒരു പരിശീലക വേഷത്തെക്കുറിച്ചും ഞാന്‍ അത് ഏറ്റെടുക്കുമോയെന്നും മാധ്യമങ്ങളില്‍ എന്നോട് പതിവായി ചോദിക്കാറുണ്ട്. ഇപ്പോള്‍ അതെനിക്ക് അനുയോജ്യമല്ല എന്നായിരുന്നു എന്റെ പ്രതികരണം.
ഭാവിയില്‍ പരിശീലിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെങ്കിലും, നിലവിലുള്ള എന്റെ കമന്ററി ജോലി ഞാന്‍ ആസ്വദിക്കുന്നു. മാത്രമല്ല എനിക്ക് ഒരു കുടുംബമുണ്ട്, അതുകൊണ്ട് വീട്ടില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളില്‍ എനിക്ക് പൂര്‍ണമായും സന്തോഷിക്കാന്‍ കഴിയുന്നു,’ മോര്‍ഗണ്‍ അഭിപ്രായപ്പെട്ടു.
Content Highlight: Eoin Morgan dismisses Rumours of replacing Matthew Mott as England’s white-ball coach