| Tuesday, 31st May 2022, 11:32 am

ക്രിക്കറ്റല്ല, സുരേഷ് റെയ്‌നയുടെ പാതയില്‍ പുതിയ ജോലിയില്‍ തിളങ്ങാനൊരുങ്ങി ജോഫ്രാ ആര്‍ച്ചര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പരിക്ക് മൂലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഇംഗ്ലീഷ് പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ തട്ടകം മാറ്റി ചവിട്ടുന്നു. പരിക്ക് ഭേദമാവുകയും പൂര്‍ണ ആരോഗ്യവാനാകുന്നത് വരെയും കമന്റേറ്ററുടെ റോളില്‍ തിളങ്ങാനാണ് ജോഫ്രാ ആര്‍ച്ചര്‍ ഒരുങ്ങുന്നത്.

സ്‌കൈ സ്‌പോര്‍ട്‌സിന്റെ കമന്ററി ടീമിലേക്കാണ് ആര്‍ച്ചര്‍ എത്തുന്നത്. ആര്‍ച്ചറിനൊപ്പം തന്നെ സഹതാരം ഒയിന്‍ മോര്‍ഗനും മൈക്കിന് പിന്നില്‍ ഉണ്ടാകും.

അന്താരാഷ്ട്ര മാധ്യമമായ ടെലിഗ്രാഫാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സമ്മറില്‍ നടക്കാന്‍ പോകുന്ന ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലാവും ഇരുവരും കമന്റേറ്റര്‍മാരുടെ റോളിലെത്തുന്നത്. ഐ.പി.എല്ലില്‍ ഒരു ടീമും വിളിച്ചെടുക്കാതെ വന്നതോടെ റെയ്‌നയും കമന്റേറ്ററുടെ റോളില്‍ എത്തിയിരുന്നു.

പരിക്ക് മൂലം ഇ സീസണ്‍ മുഴുവന്‍ ആര്‍ച്ചറിന് നഷ്ടമായിരുന്നു. 2021ലാണ് താരം അവസാനമായി ഇംഗ്ലണ്ടിനായി കളിച്ചത്. പരിക്കിന്റെ പിടിയില്‍ നിന്നും പതുക്കെ പുറത്ത് വന്നതോടെ താരം പരിശീലനത്തിലിറങ്ങിയിരുന്നു.

പരിക്ക് ഭേദമായെന്ന് കരുതി പരിശീലനത്തിനിറങ്ങിയെങ്കിലും പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ പിടിമുറുക്കുകയായിരുന്നു. പിന്നീട് നടന്ന വിദഗ്ധ പരിശോധനയിലാണ് നട്ടെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്.

ആര്‍ച്ചര്‍ പരിക്കിന്റെ പിടിയിലാണെന്നും എപ്പോഴാണ് താരം പൂര്‍ണസജ്ജനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നുമാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ പറഞ്ഞിരുന്നത്.

വരാനിരിക്കുന്ന ടി-20 ലോകകപ്പിനാണ് താന്‍ ശ്രദ്ധചെലുത്തുന്നതെന്നും, 2022 അവസാനത്തോടെ താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിടപറയുമെന്നുമായിരുന്നു മോര്‍ഗന്‍ നേരത്തെ പറഞ്ഞത്.

‘ഞാന്‍ എന്റെ ഭാവിയാണ് നോക്കിക്കാണുന്നത്. ഞാന്‍ എന്റെ ടീമിന് വേണ്ടതെന്തോ അത് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ എന്നെ കുറിച്ച് ആളുകള്‍ക്ക് വ്യക്തമാവും.

വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ഏറെ ദൂരെയാണ്. അതിനാല്‍ തന്നെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിലായിരിക്കും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ മോര്‍ഗന്‍ പറയുന്നു.

ഐ.പി.എല്‍ 2022ന്റെ മെഗാലേലത്തില്‍ മോര്‍ഗന്‍ അണ്‍സോള്‍ഡാവുകയായിരുന്നു. എന്നാല്‍ മികച്ച തുക നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് ആര്‍ച്ചറിനെ സ്വന്തമാക്കിയത്.

സീസണിന്റെ പകുതിയോടെ ടീമിനൊപ്പം ചേരും എന്ന പ്രതീക്ഷയോടെയാണ് ടീം ആര്‍ച്ചറിനെ വിളിച്ചെടുത്തതെങ്കിലും പരിക്കിന്റെ പിടിയിലായതോടെ ആര്‍ച്ചറിന് സീസണ്‍ മുഴുവന്‍ നഷ്ടമാവുകയായിരുന്നു.

Content Highlight:  Eoin Morgan and Jofra Archer set to become commentators

We use cookies to give you the best possible experience. Learn more