| Sunday, 30th July 2023, 8:26 pm

ദേശീയ ടീമിലെ സഹതാരത്തെ ക്ലബ്ബിലെത്തിക്കണം; സൂപ്പര്‍ താരത്തെ ചെല്‍സിയിലേക്ക് ക്ഷണിച്ച് എന്‍സോ ഫെര്‍ണാണ്ടസ്

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ദേശീയ ടീമിലെ തന്റെ സഹതാരം ചെല്‍സിയില്‍ ജോയിന്‍ ചെയ്യണമെന്ന ആഗ്രഹം പങ്കുവെച്ച് സൂപ്പര്‍ താരം എന്‍സോ ഫെര്‍ണാണ്ടസ്. നിലവില്‍ എ.എസ്. റോമയില്‍ ബൂട്ടുകെട്ടുന്ന പൗലോ ഡിബാലയെയാണ് എന്‍സോ ചെല്‍സിയിലേക്ക് ക്ഷണിച്ചത്. സ്പോര്‍ട്സ് ഔട്ലെറ്റായ ഒലെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘അവന്‍ ചെല്‍സിയിലേക്ക് വരുമെന്ന് എനിക്ക് നല്ല പ്രതീക്ഷയുണ്ട്. ഞാന്‍ വിഷയത്തെ കുറിച്ച് അവനോട് സംസാരിക്കുകയും അവന്റെ വരവിനായി കാത്തിരിക്കുകയുമാണെന്ന് പറഞ്ഞിട്ടുണ്ട്.

എന്‍സോ ഫെര്‍ണാണ്ടസിന് പുറമെ തിയാഗോ സില്‍വയും ഡിബാലയെ ചെല്‍സിയില്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡിബാല ഒരു വേള്‍ഡ് ക്ലാസ് പ്ലെയര്‍ ആണെന്നും അദ്ദേഹത്തൊടൊപ്പം കളിക്കാന്‍ ആഗ്രഹമുണ്ടെന്നും സില്‍വ പറഞ്ഞു.

‘ഡിബാലയുടെ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ അദ്ദേഹത്തോട് ചെല്‍സിയിലേക്ക് വരാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചിരുന്നു. അദ്ദേഹമൊരു വേള്‍ഡ് ക്ലാസ് പ്ലെയറാണ്. അദ്ദേഹത്തൊടൊപ്പം കളിക്കണമെന്നത് എന്റെയും ആഗ്രമാണ്. നമുക്ക് നോക്കാം എന്താകുമെന്ന്,’ സില്‍വ പറഞ്ഞു.

അതേസമയം, റോമയില്‍ കേവലം 12 മില്യണ്‍ യൂറോ മാത്രം റിലീസ് ക്ലോസുള്ള ഡിബാലയെ സ്വന്തമാക്കാന്‍ നിരവധി ക്ലബ്ബുകള്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡിബാലക്ക് സമ്മതമെങ്കില്‍ ഏത് ക്ലബ്ബിനും റിലീസ് ക്ലോസ് നല്‍കിക്കൊണ്ട് നിഷ്പ്രയാസം ഡിബാലയെ സ്വന്തമാക്കാനാകുമെന്നും എന്നാല്‍ നിലവില്‍ റോമയില്‍ തന്നെ തുടരാനാണ് ഡിബാലക്ക് താത്പര്യമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മോഹവില വാഗ്ദാനം നല്‍കി അല്‍ ഹിലാല്‍ ഡിബാലയെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും താരം ഓഫര്‍ നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Enzo Fernandez wants Paulo Dybala to sign with Chelsea

We use cookies to give you the best possible experience. Learn more