ഖത്തര്‍ ലോകകപ്പില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തി അര്‍ജന്റീന വിശ്വകിരീടമുയര്‍ത്തുകയായിരുന്നു. നീണ്ട 36 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹീച്ച താരമാണ് എന്‍സോ ഫെര്‍ണാണ്ടസ്.
ഖത്തര്‍ ഫിഫ ലോകകപ്പില്‍ യുവ താരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായതും ഈ 21കാരനാണ്. വേള്‍ഡ് കപ്പിന് ശേഷം മാര്‍ക്കറ്റ് വാല്യൂ കുത്തനെ ഉയര്‍ത്തിയ താരങ്ങളില്‍ ഒരാളാകാനും എന്‍സോക്കായി.
നിലവില്‍ ബെന്‍ഫിക്കക്കായി ബൂട്ട് കെട്ടുന്ന താരത്തെ നോട്ടം വെച്ച് നിരവധി ക്ലബ്ബുകളാണ് രംഗത്തെത്തിയിരിക്കുന്നത്. എന്‍സോ ലിവര്‍പൂളിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരം ആ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
എന്നാലിപ്പോള്‍ എന്‍സോയെ ചെല്‍സി സൈന്‍ ചെയ്യിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ചെല്‍സിയുമായി സൈന്‍ ചെയ്യുന്നതില്‍ താരം വാക്കാല്‍ ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മോഹവില വാഗ്ദാനം ചെയ്താണ് ചെല്‍സി എന്‍സോയെ സ്വന്തമാക്കാനൊരുങ്ങുന്നത്.
അതേസമയം അടുത്ത മാസം ഒന്നിന് തുറക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോ കൂടി പൂര്‍ത്തിയാകുന്നത്തോടെ പുതിയ താരങ്ങളെ ടീമിലെത്തിച്ചും, മോശം പ്രകടനം കാഴ്ച വെക്കുന്ന കളിക്കാരെ ഒഴിവാക്കിയും സ്‌ക്വാഡ് ഡെപ്ത്ത് വര്‍ധിപ്പിച്ച് ലീഗ് ടൈറ്റില്‍ നേടാന്‍ ക്ലബ്ബുകള്‍ ശ്രമം തുടങ്ങും.
റിലീസ് ക്ലോസായി എന്‍സോയുടെ നിലവിലെ ക്ലബ്ബായ ബെന്‍ഫിക്ക വെക്കുന്ന തുക ഏകദേശം 120 മില്യണ്‍ യൂറോയാണ്. നിലവിലെ റിലീസ് ക്ലോസായ 120 മില്യണ്‍ നല്‍കി എന്‍സോയെ ഏതെങ്കിലും ക്ലബ്ബ് സ്വന്തമാക്കുകയാണെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഒരു അര്‍ജന്റൈന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായി അത് മാറും.
നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയില്‍ നിന്നും യുവന്റസ് 90 മില്യണ്‍ യൂറോക്ക് വാങ്ങിയ ഗോണ്‍സാലോ ഹിഗ്വയ്‌നാണ് വിപണി മൂലത്തില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റൈന്‍ താരം.
അതേസമയം എന്‍സോ ഫെര്‍ണാണ്ടസിന്റെ ക്ലബ്ബായ ബെന്‍ഫിക്ക പോര്‍ച്ചുഗീസ് ലീഗില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്. ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2:45നാണ് ബ്രാഗയുമായാണ് ബെന്‍ഫിക്കയുടെ അടുത്ത മത്സരം.
Content Highlights: Enzo Fernandez already said yes to Chelsea