| Saturday, 7th October 2023, 1:05 pm

മെസിക്കൊപ്പം കളിക്കാനായി ഞാന്‍ വര്‍ഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു: ചെല്‍സി യുവതാരം

സ്പോര്‍ട്സ് ഡെസ്‌ക്

താന്‍ ഐഡലായി കണക്കാക്കുന്ന ലയണല്‍ മെസിയെ പുകഴ്ത്തി ചെല്‍സിയുടെ അര്‍ജന്റൈന്‍ യുവതാരവും മെസിയുടെ സഹതാരവുമായ എന്‍സോ ഫെര്‍ണാണ്ടസ്.

തന്നെ സംബന്ധിച്ച് മെസി ഏറെ സ്‌പെഷ്യലാണെന്നും താന്‍ കുട്ടിയായിരിക്കുമ്പോള്‍ ബാഴ്‌സയിലെ മെസിയുടെ മത്സരങ്ങള്‍ കാണാറുണ്ടായിരുന്നുവെന്നും എന്‍സോ ഫെര്‍ണാണ്ടസ് പറഞ്ഞു. ആല്‍ബിസെലസ്റ്റ് ടോക്കിലൂടെയായിരുന്നു എന്‍സോ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മെസി വളരെ സ്‌പെഷ്യലാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. എപ്പോഴും അദ്ദേഹമായിരുന്നു എന്റെ ഐഡല്‍. ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ ബാഴ്‌സയില്‍ മെസിയുടെ മത്സരങ്ങളെല്ലാം കാണാറുണ്ടായിരുന്നു. മെസിക്കൊപ്പം കളിക്കാന്‍ സാധിക്കുമോ എന്നറിയാനായി ഞാന്‍ വര്‍ഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു,’ എന്‍സോ പറഞ്ഞു.

2022 ലോകകപ്പില്‍ അര്‍ജന്റീന ലോക ചാമ്പ്യന്‍മാരായപ്പോള്‍ എന്‍സോ ഫെര്‍ണാണ്ടസും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് പരാജയപ്പെട്ട മെസിക്കും സംഘത്തിനും ലോകകപ്പിലേക്ക് തിരിച്ചുവരാന്‍ മെക്‌സിക്കോക്കെതിരായ നിര്‍ണായക മത്സരത്തില്‍ വിജയം അനിവാര്യമായിരുന്നു. ഈ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചത്. മെസിയും എന്‍സോ ഫെര്‍ണാണ്ടസുമായിരുന്നു ഗോള്‍ നേടിയത്.

2022 സെപ്റ്റംബറിലാണ് എന്‍സോ അര്‍ജന്റൈന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ ദേശീയ ടീമിനൊപ്പം 15 മത്സരം കളിച്ച ഈ 22കാരന്‍ മൂന്ന് ഗോളും രണ്ട് അസിസ്റ്റുമാണ് സ്വന്തമാക്കിയത്. ലോകകപ്പിലെ ഏഴ് മത്സരത്തിലും എന്‍സോ കളിക്കുകയും ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കുകയും ചെയ്തിരുന്നു.

ക്ലബ്ബ് തലത്തില്‍ ചെല്‍സിയുടെ താരമാണ് എന്‍സോ ഫെര്‍മാണ്ടസ്. ഈ ജനുവരിയില്‍ ബെന്‍ഫിക്കയില്‍ നിന്നുമാണ് താരം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിയത്. 106.5 മില്യണിനായിരുന്നു മുന്‍ ചാമ്പ്യന്‍മാര്‍ അര്‍ജന്റീനയുടെ വണ്ടര്‍ കിഡിനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്.

ചെല്‍സിക്കായി ഇതുവരെ കളിച്ച 31 മത്സരത്തില്‍ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് എന്‍സോ ഫെര്‍ണാണ്ടസ് നേടിയത്.

പുതിയ സീസണില്‍ ചെല്‍സിയുടെ സ്ഥിതി അല്‍പം മോശമാണ്. ഏഴ് മത്സരത്തില്‍ നിന്നും രണ്ട് ജയം മാത്രമാണ് ചെല്‍സിക്ക് നേടാന്‍ സാധിച്ചത്. മൂന്ന് മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ രണ്ട് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. നിലവില്‍ എട്ട് പോയിന്റുമായി പട്ടികയില്‍ 11ാം സ്ഥാനത്താണ് ചെല്‍സി.

പ്രീമിയര്‍ ലീഗില്‍ ചൊവ്വാഴ്ച ബേണ്‍ലിക്കെതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം. ബേണ്‍ലിയുടെ ഹോം സ്‌റ്റേഡിയമായ ടര്‍ഫ് മൂറാണ് വേദി.

Content Highlight: Enzo Fernandez about Lionel Messi

We use cookies to give you the best possible experience. Learn more