| Monday, 31st July 2023, 1:33 pm

കളത്തില്‍ എംബാപ്പെയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു, കാരണം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല: അര്‍ജന്റൈന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പ് നടക്കുമ്പോള്‍ കളിക്കളത്തില്‍ വെച്ച് താന്‍ എംബാപ്പെയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും എന്നാല്‍ അത് കളിയുടെ ഭാഗമാണെന്നും അര്‍ജന്റൈന്‍ യുവ സൂപ്പര്‍ താരം എന്‍സോ ഫെര്‍ണാണ്ടസ്. ഗസ്റ്റോണ്‍ എഡുലിന് എന്‍സോ നല്‍കിയ അഭിമുഖം ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.

‘അതേ, ഞാന്‍ കളിക്കളത്തില്‍ വെച്ച് എംബാപ്പെയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ മൈതാനത്ത് എന്താണ് നടന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ വിശദമാക്കാന്‍ ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എംബാപ്പെ മികച്ചൊരു താരമാണെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല. എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ഒരു പ്ലെയറാണദ്ദേഹം,’ എന്‍സോ പറഞ്ഞു.

ഖത്തര്‍ ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ച വെച്ച എന്‍സോക്ക് ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും ലഭ്യമായിരുന്നു. ഇതോടെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മൂല്യം കുതിച്ചുയര്‍ന്ന എന്‍സോയെ 121 മില്യണ്‍ യൂറോ മുടക്കിയാണ് ചെല്‍സി ബെന്‍ഫിക്കയില്‍ നിന്നും അവരുടെ തട്ടകത്തിലേക്കെത്തിച്ചത്. ഇതോടെ ട്രാന്‍സ്ഫര്‍ വിപണിയില്‍ അര്‍ജന്റൈന്‍ ഇതിഹാസ താരം മെസിയേക്കാള്‍ മൂല്യമുള്ള യുവതാരം എന്ന നിലയില്‍ എന്‍സോ വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു.

അതേസമയം, പി.എസ്.ജിയില്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചത്. 2024 വരെയാണ് താരത്തിന് പാരീസിയന്‍ ക്ലബ്ബുമായി കരാര്‍ ഉണ്ടായിരുന്നതെങ്കിലും കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

എന്നാല്‍ താരം തന്റെ തീരുമാനം അറിയിച്ചതോടെ ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്ന് പി.എസ്.ജി എംബാപ്പെയോട് ആവശ്യപ്പെടുകയായിരുന്നു. ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ സീസണില്‍ എംബാപ്പെ ക്ലബ്ബ് വിടുകയാണെങ്കില്‍ താരത്തിന്റെ ആഗ്രഹ പ്രകാരം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി സൈന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 14 തവണ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 150 മുതല്‍ 180 മില്യണ്‍ യൂറോയാണ് എംബാപ്പെക്കിട്ടിരിക്കുന്ന മൂല്യം.

Content Highlights: Enzo Fernandez about Kylian Mbappe

We use cookies to give you the best possible experience. Learn more