| Thursday, 5th June 2014, 4:52 pm

സര്‍ക്കാരിന്റെ പരിസ്ഥിതി ദിനാചരണം തട്ടിപ്പെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 5 ന് നടത്തുന്ന പരിസ്ഥിതി ദിനാചരണ പരിപാടികള്‍ ശുദ്ധ തട്ടിപ്പാണെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി.

കേരളത്തിന്റെ  നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന തരത്തില്‍ പരിസ്ഥിതി നാശം നടക്കുമ്പോള്‍ ഭരണപരമായി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ കേവലം വൃക്ഷത്തൈകള്‍ നട്ടും സ്‌കൂള്‍ അസംബ്ലികളില്‍ പ്രസംഗിച്ചും  പൊതു ഫണ്ടുപയോഗിച്ച് പോസ്റ്ററുകളും ഫ്‌ളക്‌സുകളും പതിപ്പിച്ചും നടത്തുന്ന പരിസ്ഥിതി ദിനാചരണം പരിഹാസ്യമാണന്ന് പ്രമേയം കുറ്റപെടുത്തി.

അതുകൊണ്ടു തന്നെ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന എല്ലാ പരിസ്ഥിതി ദിനാചരണ പരിപാടികളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്നു പ്രമേയം ആവിശ്യപെട്ടു.

ഇടതു വലതു സര്‍ക്കാറുകള്‍ ഭരിക്കുമ്പോഴാണ് നെല്‍വയലുകള്‍ നികത്തപ്പെട്ടതും തകര്‍ക്കപ്പെട്ടതും. ഇതുമൂലം മലയാളികള്‍ ഭക്ഷണത്തിനു വേണ്ടി അയല്‍ സംസ്ഥാനങ്ങളില്‍ യാചകരെപ്പോലെ അലയുകയാണെന്ന് പ്രമേയം ഓര്‍മ്മപെടുത്തുന്നു.

നെല്‍വയലുകള്‍  നികത്താന്‍ കൂട്ടുനിന്നവര്‍ പിന്നീട് നദികളെ കൊന്നതായും അടുത്തതായി  പശ്ചിമഘട്ട മലകളാണ് നശിപ്പിക്കാന്‍ തുനിയുകയാണെന്നും പ്രമേയം ആരോപിച്ചു.

വനം കൈയ്യേറ്റക്കാര്‍ ലക്ഷക്കണക്കിനു മരങ്ങള്‍ മുറിച്ചു കടത്തുന്നതിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മരങ്ങള്‍ നടന്നത് വിരോധാഭാസമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിച്ച് കേരളത്തെ മരുഭൂമിയാക്കാന്‍ ശ്രമിക്കുന്നവര്‍ എന്തു പരിസ്ഥിതി സന്ദേശമാണ് നല്‍കാന്‍ പോകുന്നതെന്ന്‌ പ്രമേയത്തില്‍ ചോദ്യമുയര്‍ത്തുന്നു.

പരിസ്ഥിതി ആഘാത പഠനം കൂടാതെ പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കിയ യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടത്തുന്ന ജനവഞ്ചന കേരളം തിരിച്ചറിയേണ്ടതുണ്ടെന്നും പ്രമേയം ആവിശ്യപെട്ടു.

പുതിയ കേന്ദ്രസര്‍ക്കാര്‍ വന്ന സാഹചര്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് മാസം തൊടുപുഴയില്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും എകോപനസമിതിയുടെ പ്രസ്ഥാവനയില്‍ പറയുന്നു.

തിരുവനന്തപുരത്തു ചേര്‍ന്ന ഏകോപനസമിതിയുടെ യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യോഗത്തില്‍ ജോണ്‍ പെരുവന്താനം അദ്ധ്യക്ഷത വഹിച്ചു. എം.ജി. സന്തോഷ് കുമാര്‍, പി.എന്‍.സനാതനന്‍, ബിജു.വി.ജേക്കബ്, റെജി മലയാലപ്പുഴ, ടി.എം. സത്യന്‍ എന്നിവര്‍ സംസാരിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more