| Thursday, 23rd October 2014, 7:30 am

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ പൂര്‍ണ പാരിസ്ഥിതിക അനുമതി.  മന്ത്രാലയത്തിന് കീഴിലുള്ള എന്‍വയോണ്‍മെന്റ് അസസ്‌മെന്റ് അതോറിറ്റിയുടെ യോഗമാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ 246 ഏക്കറിലെ ഐ.ടി, ഐ.ടി.ഇ.എസ്, പ്രത്യേക സാമ്പത്തിക മേഖല ഉള്‍പ്പെടെയുള്ള പദ്ധതിക്കാണ് പാരിസ്ഥിതിക അനുമതി ലഭിച്ചത്. 2013 ജൂലൈയില്‍ ഐ.ടി ടവറിന് മാത്രമായി പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു. പൂര്‍ണ പാരിസ്ഥിതിക അനുമതിക്കായി സ്റ്റേറ്റ് എക്‌സ്‌പെര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയാണ് കേന്ദ്രത്തില്‍ ശുപാര്‍ശ നല്‍കിയത്.

മുഴുവന്‍ പദ്ധതിക്കും പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തില്‍ സ്മാര്‍ട്ട്‌സിറ്റി നേരിട്ടും സംയുക്തമായും നടത്തുന്ന പദ്ധതികളുടെയും അടിസ്ഥാനസൗകര്യ വികസനത്തിന്റെയും നിര്‍മാണം വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സ്മാര്‍ട്ട് സിറ്റി കൊച്ചി സി.ഇ.ഒ ജിജോ ജോസഫ് പറഞ്ഞു.

സ്മാര്‍ട്ട് സിറ്റിയില്‍ ഐ.ടി, റിയാല്‍റ്റി, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുമായി സംയുക്ത പദ്ധതികള്‍ നടപ്പാക്കാന്‍ ധാരണയായതായും ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തന്നെ അയ്യായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, മീഡിയ, ഫിനാന്‍സ് എന്നീ മേഖലകളിലായി നിരവധി പ്രമുഖ കമ്പനികളാണ് പദ്ധതിയില്‍ സഹകരിക്കുന്നത്. 2015 മാര്‍ച്ച് 25ന് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

We use cookies to give you the best possible experience. Learn more