തിരുവനന്തപുരം: നെല്ലിയാമ്പതിയില്‍ വനഭൂമി പാട്ടത്തിനെടുത്ത തോട്ടക്കാര്‍ കൃഷിയുടെ മറവില്‍ വന്‍ വനംകൊള്ളയാണ് നടത്തുന്നതെന്ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. 1997ല്‍ എ.വി താമരാക്ഷന്‍ അധ്യക്ഷനായ കമ്മിറ്റിയാണ് നെല്ലിയാമ്പതിയിലെ പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് പഠിച്ച് നിയമസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഓരോ തോട്ടമുടമകളും നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ മരംമുറിയെപ്പറ്റിയും നിയമലംഘനങ്ങളെപ്പറ്റിയും അവര്‍ക്ക് ഒത്താശ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പറ്റിയും വനംകേസുകള്‍ തോറ്റുകൊടുത്ത സര്‍ക്കാര്‍ അഭിഭാഷകരെപ്പറ്റിയുമെല്ലാം വിശദമായ വിവരങ്ങള്‍ അടങ്ങിയതാണ് പ്രസ്തുത റിപ്പോര്‍ട്ട്. നിയമസഭ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചെങ്കിലും തുടര്‍നടപടി സ്വീകരിച്ചില്ല. []
നെല്ലിയാമ്പതിയിലെ നിയമലംഘനങ്ങള്‍ വനംവകുപ്പ് കണ്ടെത്തി നടപടി സ്വീകരിച്ചതിനെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്തുവന്നതുമുതല്‍ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നെല്ലിയാമ്പതിയില്‍ നടന്ന വനംകൊള്ളയെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് നിയമസഭയ്ക്ക് മുമ്പാകെ ഉണ്ടായിരുന്നു എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്ത വനഭൂമി നിയമവിരുദ്ധമായി കൈമാറുകയും വില്‍പ്പന നടത്തുകയും കൃഷിയുടെ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ച് കടത്തുകയും ചെയ്തതായി നിയമസഭാ പരിസ്ഥിതി കമ്മിറ്റി കണ്ടെത്തിയിരുന്നു. തുച്ഛമായ പാട്ടത്തുക ഈടാക്കുകവഴി സര്‍ക്കാര്‍ ഖജനാവിന് പ്രതിവര്‍ഷം അഞ്ഞൂറ് കോടി രൂപയുടെ നഷ്ടമുണ്ടായി എന്ന ഞെട്ടിപ്പിക്കുന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
“തമിഴ്‌നാട്ടില്‍ നിന്നും വരുന്ന വരണ്ട കാറ്റിനെ തടഞ്ഞുനിര്‍ത്തുകയും കേരളത്തിലെ ഊഷ്മാവ് ഉയരാതെ നിലനിര്‍ത്തുകയും ചെയ്തിരുന്നത് നെല്ലിയാമ്പതിയിലെ ഹരിതവനങ്ങളായിരുന്നു. സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ കൃഷിയുടെ മറവില്‍ വിന്റ് ബെല്‍റ്റുകള്‍ വെട്ടിനശിപ്പിച്ചു. തല്‍ഫലമായി തമിഴ്‌നാട്ടിലെ ചൂട് കാറ്റ് പാലക്കാടന്‍ ചുരത്തിലൂടെ ആഞ്ഞടിക്കുകയും നെല്ലിയാമ്പതിയുടെ ഊഷ്മാവ് വര്‍ധിക്കുകയും ചെയ്തു. സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്തിരിക്കുന്ന ഒമ്പതിനായിരത്തി ഒരുന്നൂറ് ഏക്കര്‍ സ്ഥലത്ത് അന്‍പത്തിരണ്ട് എസ്റ്റേറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. 1980-88 കാലഘട്ടങ്ങളില്‍ തോട്ടമുടമകള്‍ വിളനശിച്ച് സാമ്പത്തിക നഷ്ടത്തിലാവുകയും നിവൃത്തിയില്ലാതെ ഭൂമി കൈമാറ്റം ചെയ്യുകയും ചെയ്തു. പിന്നീട് തോട്ടം വാങ്ങിയവരുടെയും മറ്റും ലക്ഷ്യം കൃഷി ചെയ്ത് ലാഭമുണ്ടാക്കുകയായിരുന്നില്ല, തോട്ടങ്ങളില്‍ നിന്നിരുന്ന വന്‍മരങ്ങള്‍ വെട്ടിവില്‍ക്കുകയായിരുന്നു. നെല്ലിയാമ്പതിയില്‍ സംഭവിച്ചത് അക്ഷരാര്‍ത്ഥത്തില്‍ അതാണ്. പോപ്‌സണ്‍ ഗ്രൂപ്പിന്റെ കൈവശമുള്ള കരുണ തോട്ടത്തില്‍ നിന്ന് ആറ് വര്‍ഷത്തിനിടെ 5,830 മരങ്ങളും പലകപ്പാണ്ടി എസ്റ്റേറ്റില്‍ നിന്നും 2,982 മരങ്ങളും മിന്നാംപാറ എസ്റ്റേറ്റില്‍ നിന്നും 574 മരങ്ങളും മുറിച്ചുമാറ്റിയതായി തെളിവുകളുണ്ട്. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടി മരങ്ങളാണ് നെല്ലിയാമ്പതിയില്‍ നിന്ന് എസ്റ്റേറ്റ് ഉടമകള്‍ മുറിച്ചുമാറ്റിയിരിക്കുന്നത്. ” റിപ്പോര്‍ട്ടില്‍ പറയുന്നു.
നെല്ലിയാമ്പതിയിലുള്ള വനത്തിന്റെ 80% നശിച്ചുകഴിഞ്ഞെന്നും ശേഷിക്കുന്ന വനമെങ്കിലും സംരക്ഷിക്കണമെന്നും പാട്ടക്കരാര്‍ ലംഘിച്ച മുഴുവന്‍ തോട്ടങ്ങളും നഷ്ടപരിഹാരം നല്‍കാതെ ഏറ്റെടുക്കണമെന്നും വനംകേസുകളുടെ നടത്തിപ്പ് കാര്യശേഷിയുള്ള വക്കീലന്മാരെ ഏല്‍പ്പിക്കണമെന്നും അവരുടെ പ്രവര്‍ത്തനം അഡ്വ. ജനറല്‍ വിലയിരുത്തണമെന്നും അതില്‍ വീഴ്ചവരുന്ന വക്കീലന്മാരെ നീക്കം ചെയ്യണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാട്ടമുടമകളുടെ അറ്റാദായത്തിന്റെ 75% സര്‍ക്കാരിലേക്ക് നല്‍കുവാനുള്ള വ്യവസ്ഥ വനംസെക്രട്ടറിയായിരുന്ന ആര്‍. രാമചന്ദ്രന്‍ നായര്‍ റദ്ദാക്കിയിരുന്നു. ഈ നടപടി ദുരൂഹമാണെന്നും ഇതിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തേണ്ടതാണെന്നും സമിതിയുടെ ശുപാര്‍ശയുണ്ട്. നിയമസഭ അംഗീകരിച്ച ഈ ശുപാര്‍ശ നടപ്പിലാക്കുക മാത്രമാണ് വനംവകുപ്പ് ഇപ്പോള്‍ ചെയ്യുന്നത്. പ്രസ്തുത പരിസ്ഥിതി കമ്മിറ്റിയില്‍ കേരളാ കോണ്‍ഗ്രസിന്റെയടക്കം പ്രതിനിധികള്‍ ഉണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടും പുറത്തുവരുന്നതോടെ വരാനിരിക്കുന്ന യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ടിന്റെ സാധുത കൂടുതല്‍ മങ്ങുകയാണ്.