| Sunday, 31st July 2022, 2:06 pm

ആരെയിലെ മെട്രോ കാര്‍ ഷെഡ് പുള്ളിപ്പുലികള്‍ക്ക് മാത്രമല്ല മറ്റു ജീവികള്‍ക്കും ഭീഷണി; മുന്നറിയിപ്പുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര വനമേഖലയിലെ ആരെ കോളനിയില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന മെട്രോ-3 കാര്‍ പദ്ധതി വനത്തിലെ പുള്ളിപ്പുലികള്‍ക്ക് മാത്രമല്ല മറ്റ് പക്ഷി ജന്തുജാലങ്ങള്‍ക്കും ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍.

1800 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ആരെ വനം നഗരത്തിന്റെ പച്ച ശ്വാസകോശം എന്നാണ് അറിയപ്പെടുന്നത്. പുള്ളിപ്പുലികള്‍ക്ക് പുറമെ നിരവധി സ്പീഷീസിലുള്ള ജന്തുക്കളും ഇവിടെ കാണപ്പെടുന്നു. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന് സമീപത്തെ സബര്‍ബന്‍ ഗൊരെഗാവിലാണ് ആരെ വനം സ്ഥിതിചെയ്യുന്നത്.

ചിത്രശലഭങ്ങള്‍, പക്ഷികള്‍ ആംഫീബിയന്‍സ്, സസ്തനികള്‍ എന്നിവ കൂടാതെ പുതുതായി കണ്ടുപിടിച്ച വിവിധയിനം തേളുകള്‍, ചിലന്തികള്‍ എന്നിവയെല്ലാം ഈ വനത്തില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ ആരെ വനം ഒരു ബയോടോപായി അറിയപ്പെടുന്നു.

ഒരു ബയോടോപ് എന്നത് സസ്യങ്ങളുടെയും മൃഗങ്ങളുടെയും പ്രത്യേക ഒത്തുചേരലിന് ഒരു താമസസ്ഥലം നല്‍കുന്ന യൂണിഫോം പാരിസ്ഥിതിക സാഹചര്യങ്ങളുടെ ഒരു മേഖലയാണ്. ചിലയിടങ്ങളില്‍ ഇതിനെ ഹാബിറ്റാറ്റ് എന്നും പറയും.

ഈ പ്രദേശത്ത് കുറഞ്ഞത് അഞ്ച് പുള്ളിപ്പുലികളെങ്കിലും ഉണ്ടാവുമെന്നാണ് കണ്ടെത്തല്‍. ക്യാമറ ട്രാപ്പിങ് സംവിധാനമുപയോഗിച്ച് കാര്‍ ഡിപോട്ട് സൈറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് വനം വകുപ്പ് പറയുന്നു.കൂടാതെ ചില മംഗൂസുകള്‍,മോണിറ്റര്‍ ലിസാര്‍ഡ്സ് കാട്ടുപൂച്ചകള്‍ എന്നിവയും ക്യാമറ നിരീക്ഷണത്തില്‍ കണ്ടിരുന്നുവെന്നും അവര്‍ പറഞ്ഞു.

മെട്രോ 3 കാറിനായുള്ള മരം മുറിക്കല്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണെങ്കില്‍ പുള്ളിപ്പുലികള്‍ക്ക് മറ്റിടങ്ങളിലേക്ക് മാറാന്‍ സാധിക്കും, എന്നാല്‍ മറ്റു ജീവികളുടെ കാര്യം അങ്ങനെയല്ല, അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുമെന്നും റെസ്‌ക്കിങ്ക് അസോസിയേഷന്‍ ഫോര്‍ വൈള്‍ഡ് ലൈഫ് വെല്‍ഫെയറിന്റെ ഫൗണ്ടര്‍ പവന്‍ ശര്‍മ പറഞ്ഞു.

വനനശീകരണം മൂലം നിരവധി ചെറിയ ജീവികളേയും അവയുടെ ആവാസവ്യവസ്ഥയേയും മോശമായി ബാധിക്കാനിടയുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 22 തരം ചിലന്തികള്‍, അഞ്ച് ഇനം തേളുകള്‍ കൂടാതെ മംഗൂസുകള്‍, കാട്ടുപന്നി, സിവറ്റ് പൂച്ച, മാന്‍ പുള്ളിപ്പുലി, വവ്വാലുകള്‍, അണ്ണാനുകള്‍ തുടങ്ങിയ 20 തരം സസ്തനികളും ഈ വനമേഖലയില്‍ ഉള്‍പ്പെടുന്നുണ്ട്.

മേഖലയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കൃത്യമായ പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന് വന്യജീവി ശാസ്ത്രജ്ഞന്‍ ആനന്ദ് പട്നേക്കര്‍ പറഞ്ഞു.

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ മനുഷ്യര്‍ക്ക് പ്രശ്നങ്ങളൊന്നും സംഭവിക്കുന്നില്ലെന്നും മൃഗങ്ങള്‍ക്ക് മാത്രമേ ബാധിക്കുന്നുള്ളു എന്നുമാണ് അദ്ദേഹം പറയുന്നത്.

Content Highlight: environment activists says Deforestation for building metro car station may affect the natural ecosystem in Mumbai’s Aarey colony

We use cookies to give you the best possible experience. Learn more