സ്റ്റോക്ക്‌ഹോം: വടക്കന്‍ സ്വീഡനില്‍ ഇരുമ്പയിര് ഖനിക്കെതിരെ സമരപരിപാടികളുമായി യുവ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്.
സ്വീഡനിലെ തദ്ദേശീയരായ സമി കമ്യൂണിറ്റിയിലെ അംഗങ്ങളുമായി ചേര്‍ന്നാണ്, സര്‍ക്കാര്‍ അനുമതി നല്‍കാന്‍ സാധ്യതയുള്ള ഖനിക്കെതിരെ ഗ്രെറ്റ കഴിഞ്ഞദിവസം സമരം സംഘടിപ്പിച്ചത്.
ബ്രിട്ടീഷ് ഫേം ആയ ബ്യൂവുള്‍ഫ് (Beowulf) ആണ് ഖനി പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ വിവാദമായിട്ടുള്ള പദ്ധതിക്ക് അനുമതി നല്‍കണമോ എന്നത് സംബന്ധിച്ച് വരുന്ന മാസം സ്വീഡിഷ് സര്‍ക്കാര്‍ തീരുമാനമെടുക്കാനിരിക്കുകയാണ്. ഇതിനിടെയാണ് സമരപരിപാടികളുമായി ഗ്രെറ്റയും രംഗത്തെത്തിയിരിക്കുന്നത്.
250 മുതല്‍ 300 വരെ തൊഴിലവസരങ്ങള്‍ പദ്ധതി വഴി പ്രദേശത്ത് സൃഷ്ടിക്കാനാകും എന്ന വാഗ്ദാനവുമായാണ് ബ്യൂവുള്‍ഫ് ഖനി പ്രൊജക്ട് മുന്നോട്ടുവെച്ചത്. എന്നാല്‍ പദ്ധതി പരിസ്ഥിയെ നശിപ്പിക്കുമെന്നും തങ്ങളുടെ വേട്ടയാടല്‍, മീന്‍പിടുത്തം, മൃഗങ്ങള്‍ മേയുന്നത്- എന്നിവക്ക് തടസമാകുമെന്നാണ് സമി കമ്യൂണിറ്റിയിലുള്ളവര്‍ പറയുന്നത്.