| Thursday, 10th August 2023, 11:48 am

മധ്യപ്രദേശിലെ ഗ്രാമത്തില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മുസ്‌ലിം, ക്രിസ്ത്യന്‍ വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി മധ്യപ്രദേശിലെ ഗ്രാമം. അശോക് നഗര്‍ ജില്ലയിലെ ധാതുരിയ ഗ്രാമമാണ് വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. മുസ്‌ലിം, ക്രിസ്ത്യന്‍ വ്യാപാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഗ്രാമമുഖ്യന്റെ പേരില്‍ പോസ്റ്ററും പതിച്ചിരുന്നു. എന്നാല്‍ അധികൃതര്‍ ഈ പോസ്റ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. ഗ്രാമവാസികളുടെ യോഗത്തിലായിരുന്നു ഇരുവിഭാഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം എടുത്തത്. പോസ്റ്റര്‍ നീക്കം ചെയ്‌തെങ്കിലും വിലക്ക് ഇനിയും തുടരുമെന്ന് ഗ്രാമ മുഖ്യന്‍ അറിയിച്ചു. ഗ്രാമത്തില്‍ പ്രവേശിക്കുന്ന വ്യാപാരികളുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുമെന്നും ഗ്രാമ മുഖ്യന്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘മതം മാറ്റം, ‘ലവ് ജിഹാദ്’ എന്നിവയെ കുറിച്ചെല്ലാം കേള്‍ക്കുന്നുണ്ട്. ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലുള്ള സംഭവങ്ങളൊക്കെ ഉണ്ടാവാതിരിക്കാന്‍ കൂടിയാണിത്. ഗ്രാമത്തില്‍ പ്രവേശിക്കുന്നവരെ എല്ലാവരെയും നിരീക്ഷിക്കും, പരിശോധിക്കും. പൊലീസിന്റെയും പഞ്ചായത്തിന്റെയും അനുമതിയോടെ നിശ്ചിത സ്ഥലത്ത് മാത്രമേ അവര്‍ക്ക് കച്ചവടം നടത്താന്‍ സാധിക്കൂ. മുസ്‌ലിങ്ങളും ക്രിസ്ത്യന്‍സും വീടുകളില്‍ കയറി വ്യാപാരം നടത്തുന്നത് അനുവദിക്കില്ല,’ഗ്രാമ മുഖ്യന്‍ പറഞ്ഞു.

അതേസമയം, ഹരിയാനയില്‍ മൂന്ന് ജില്ലയിലെ 50 പഞ്ചായത്തുകളില്‍ മുസ്‌ലിങ്ങള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റെവാരി, മഹേന്ദര്‍ഗഡ്, ജാജ്ജര്‍ എന്നീ ജില്ലകളിലെ പഞ്ചായത്തുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഗ്രാമ മുഖ്യന്റെ പേരിലായിരുന്നു വിലക്കേര്‍പ്പെടുത്തിയതെന്ന തരത്തില്‍ കത്തുകളും പ്രചരിച്ചിരുന്നു. മൂന്ന് ജില്ലകളിലെയും ഗ്രാമ മുഖ്യമാര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേഡുമാര്‍ക്ക് അയച്ചതെന്ന വിധത്തിലാണ് കത്തുകള്‍ പ്രചരിച്ചത്. എന്നാല്‍ തനിക്ക് ഇത്തരത്തില്‍ കത്തുകള്‍ ലഭിച്ചിട്ടില്ലെന്ന് മഹേന്ദര്‍ഗഢ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. സംഭവത്തില്‍ സ്വമേധയാ കേസെടുത്തത് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Entry of muslim christrian traders banned in  punchayath of madhyapradesh

Latest Stories

We use cookies to give you the best possible experience. Learn more