ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍; കോര്‍പറേറ്റ് കമ്പനിയെ സഹായിക്കാനെന്ന വിമര്‍ശനവുമായി വ്യാപാരികള്‍
Kerala News
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍; കോര്‍പറേറ്റ് കമ്പനിയെ സഹായിക്കാനെന്ന വിമര്‍ശനവുമായി വ്യാപാരികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th July 2018, 11:12 am

തിരുവനന്തപുരം: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യവസായികള്‍. ഫ്‌ളക്സിനു പകരം പോളി എത്തിലിന്‍ ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കുത്തകകളെ സഹായിക്കാനുള്ളതാണെന്നാണ് വ്യവസായികളുടെ ആരോപണം.

കൂടാതെ ഫ്‌ളക്‌സ് പുനരുപയോഗിക്കാന്‍ കഴിയുമെന്ന പ്രോജക്ട് റിപ്പോര്‍ട്ട് ശുചിത്വ മിഷന്‍ പൂഴ്ത്തിയെന്നും ആക്ഷേപമുണ്ട്. പുനരുപയോഗിക്കാന്‍ കഴിയാത്ത ഫ്‌ളക്‌സുകള്‍ നിരോധിക്കണമെന്നാണ് നിര്‍മാതാക്കളുടെ വാദം.

ശുചിത്വ മിഷന്റെ നിര്‍ദേശ പ്രകാരം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ഇതു സംബന്ധിച്ച വിശദമായ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പ് ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പിനും സമര്‍പ്പിച്ചതുമാണ്.


Also Read:  എല്ലാ രക്ഷിതാക്കളോടും ഞാന്‍ മാപ്പു ചോദിക്കുവെന്ന് തായ്‌ലന്റ് ഗുഹയിലകപ്പെട്ട സംഘത്തിലെ കോച്ച്; ഞങ്ങള്‍ സ്‌ട്രോങ്ങാണെന്ന് കുട്ടികളും


ഫ്‌ളക്‌സിനു പകരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പോളി എത്തിലിന് വില വളരെ കൂടുതലാണ്. മാത്രമല്ല ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ എന്ന സ്വകാര്യ കമ്പനി മാത്രമേ രാജ്യത്ത് പോളിഎത്തിലിന്‍ ഉത്പാദിപ്പിക്കുന്നുള്ളൂ.

ഫ്‌ളക്‌സ് നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഈ വ്യവസായ മേഖലയെ തകര്‍ക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

അതേസമയം പരിസ്ഥിതിക്ക് വന്‍ ദോഷവും പ്രത്യാഘാതവും വരുത്തിവെക്കുന്നതിനാലാണ് ഫ്‌ളക്‌സ് നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.